കാക്കനാട്: ഭരണം മാറിയതോടെ ജിലയിലുടനീളം മണ്ണ് മാഫിയാ സംഘങ്ങള്‍ സജീവമാവുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലടക്കം ഏക്കറു കണക്കിന് ഭൂമിയാണ് രാപ്പകല്‍ ഭേദമില്ലാതെ ഓരോ ദിവസവും നികത്തപ്പെടുന്നത്. തണ്ണീര്‍ത്തടങ്ങള്‍, കൃഷിയിടങ്ങള്‍, തരിശു നിലങ്ങള്‍ എന്നിവയിലേക്ക് റോഡുണ്ടാക്കാനെന്ന വ്യാജേന റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ച ശേഷം ഈ ഇളവ് പ്രയോജനപ്പെടുത്തി ബിടി ആറില്‍ നിലം എന്നും തണ്ണീര്ത്തടമെന്നും രേഖപ്പെടുത്തിയിട്ടുള്ള ഏക്കറുകണക്കിന് സ്ഥലമാണ് നികത്തിയെടുക്കുന്നത്.
റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഇടച്ചിറ മഞ്ചേരിക്കുഴി പാലത്തിനു സമീപം പത്തേക്കറിലധികം ഭൂമി മണ്ണിട്ടു നികത്തുന്നതായി പരിസരവാസികള്‍ പറയുന്നു. വലിയ ടിപ്പറുകളിലും ടോറസുകളിലുമായി മണ്ണെത്തിച്ച് മൂന്നും നാലും ജേസിബികള് ഉപയോഗിച്ച് അതിവേഗത്തിലാണ് ഭൂമിയുടെ ഘടനക്ക് മാറ്റം വരുത്തുന്നത്. റവന്യൂ വകുപ്പില്‍ പരാതി നല്‍കിയിട്ടും, ഇന്‍ഫോപാര്‍ക്ക് പോലീസില്‍ വിവരം അറിയിച്ചിട്ടും യാതൊരു നിയമനടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റവന്യൂ വകുപ്പില്‍ സ്ഥലം മാറ്റം തുടങ്ങിയതും താലൂക്ക് വില്ലേജ് ഓഫീസുകളില്‍ പുതിയതായി ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകുന്നതും മുതലെടുത്താണ് ജില്ലയിലൊട്ടാകെ ഭൂമാഫിയ സംഘങ്ങള്‍ അനധികൃതമായി സ്ഥലം നികത്തിയെടുക്കുന്നത്. ഉടമകളില്‍ നിന്നും സെന്റൊന്നിന് 25,000 മുതല്‍ 30,000 രൂപ വരെ ഈടാക്കിയാണ് സംഘങ്ങള്‍ നികത്തല്‍ കരാര്‍ ഏറ്റെടുത്തിട്ടുളളതെന്നും പരിസര വാസികള്‍ പറയുന്നു.
