തൊടുപുഴ: വിവിധയിനം വിദേശ പഴവര്‍ഗങ്ങളുടെ വിളനിലമാണ് മണക്കാട് കുന്നുംപുറത്ത് കെ.ജി. സജിമോന്റെ ചിറ്റൂരിലെ കൃഷിയിടം. ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന ഈന്തപ്പഴംപോലും സജിമോന്റെ കൃഷിയിടത്തില്‍ വിളഞ്ഞു പഴുത്തു പാകമായി കിടക്കുന്ന കാഴ്ച ആരുടെയും മനസു കുളിര്‍പ്പിക്കും.
തൊടുപുഴയാറിന്റെ തീരത്ത് ഫാം ടൂറിസം പദ്ധതി ആരംഭിക്കാനായി വാങ്ങിയ സ്ഥലത്താണ് സജിമോന്‍ ഈ ഏദന്തോട്ടമൊരുക്കിയിരിക്കുന്നത്. സ്വദേശിയും വിദേശിയുമായ ഒട്ടുമിക്ക ഫലവര്‍ഗങ്ങളും ഈ അറുപത് സെന്റ് പുരയിടത്തിലുണ്ട്.നാലു വര്‍ഷം മുമ്പാണ് സജിമോന്‍ ഇവിടെ സ്ഥലം വാങ്ങിയത്. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന ഇദ്ദേഹം ഫാം ടൂറിസത്തിന് ഇണങ്ങിയതെന്നു കണ്ടെത്തിയ പുഴയോരത്തെ സ്ഥലം വിലകൊടുത്തു വാങ്ങുകയായിരുന്നു.
നേരത്തേ തൊടുപുഴയില്‍ തൈകളുടെ നഴ്സറി നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് നഴ്സറി നിര്‍ത്തി. ഇവിടെ ഉത്പാദിപ്പിച്ച തൈകളാണ് ആദ്യമായി കൃഷിയിടത്തില്‍ നട്ടത്. പിന്നീടാണ് വിവിധയിടങ്ങളില്‍നിന്ന് വിദേശ ഇനം തൈകളും മറ്റും വാങ്ങി പഴവര്‍ഗങ്ങള്‍ കൃഷി ചെയ്തു തുടങ്ങിയത്.
വിദേശ പഴവര്‍ഗങ്ങളുടെ വിളനിലം
ഈന്തപ്പഴത്തിനു പുറമേ മുട്ടിപ്പഴം, മാംഗോസ്റ്റിന്, ഡ്രാഗണ്‍ഫ്രൂട്ട്, റംബുട്ടാന്, മിറാക്കിള്‍ ഫ്രൂട്ട്, സാന്താള്‍, സീഡ്ലെസ് നാരകം, അബിയു, ലോങ്ങന്‍, ലിച്ചി, കെപ്പല്‍, വെള്ളഞാവല്‍, ഓറഞ്ച്, ചെറി, ഊദ് എന്നിവ കൂടാതെ പ്ലാവ്, മാവ് ഉള്‍പ്പെടെയുള്ള നാടന്‍ ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. ജൈവ കൃഷിയും പ്രകൃതിയോടിണങ്ങിയുള്ള ഫാം ഹൗസും ഒരുക്കാനാണ് സജിമോന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് കൃഷിയിടം മുഴുവന്‍ ഫലവൃക്ഷങ്ങളുടെ തോട്ടമാക്കിയത്.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നാണ് ഇവയുടെ തൈകള്‍ വാങ്ങിയത്.ഹൈദരാബാദില്‍നിന്നാണ് മൂന്നു വര്‍ഷം മുമ്പ് 30,000 രൂപ നല്കി ഈന്തപ്പനയുടെ തൈകള്‍ സ്വന്തമാക്കിയത്. ചൂടുള്ള സ്ഥലത്ത് വളരുന്ന ഈന്തപ്പനകള്‍ ഇവിടെ വളരുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും തൈകള്‍ നട്ടു പരിപാലിച്ചു. നാലു വര്‍ഷം പിന്നിട്ടപ്പോള്‍ ഈന്തപ്പനകള്‍ കായ്ച്ചു. ഇപ്പോള്‍ രണ്ട് ഈന്തപ്പനകള്‍ നിറയെ പഴക്കുലകള്‍ നിറഞ്ഞുകിടക്കുന്നതു കാണുമ്പോള്‍ കണ്ണും മനസും നിറയുമെന്ന് സജിമോന്‍ പറഞ്ഞു.
മഹ്കോട്ടദേവയുംകൃഷി ചെയ്യുന്നു
പ്രമേഹരോഗത്തിനുള്ള ഔഷധമായി കണക്കാക്കുന്ന മഹ്കോട്ടദേവയും സജിമോന്‍ വളര്‍ത്തുന്നുണ്ട്. ഇതിന്റെ പഴമാണ് പ്രമേഹരോഗശാന്തിക്കായി ഉപയോഗിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മക്കോട്ടദേവ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനനടത്തി വരുന്നുണ്ട്. പഴത്തിന്റെ തൊലിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. തൈകള്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്.
പൂര്‍ണമായും ജൈവകൃഷി
പൂര്‍ണമായും ജൈവ രീതിയിലാണ് ഫലവര്‍ഗങ്ങള്‍ സജിമോന്‍ കൃഷി ചെയ്യുന്നത്. കൃഷിക്കായുള്ള ചാണകത്തിനായി വെച്ചൂര്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. വെള്ളം യഥേഷ്ടം ലഭിക്കുന്നതിനാല്‍ നനയും കൃത്യമായി നടത്തും. അതിനാല്‍ കായ്ഫലവും കൂടുമെന്ന് സജിമോന്‍ പറയുന്നു. ഫലവര്ഗങ്ങള്ക്കു പുറമേ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
ചിറ്റൂരില്‍ തൊടുപുഴയാറിന്റെ തീരത്ത് പ്രകൃതി മനോഹരമായ ഫാം ഹൗസ് ഒരുക്കാനുള്ള ശ്രമത്തിലാണ് സജിമോന്‍. ഒട്ടേറെ പേര് സജിമോന്റെ പഴവര്‍ഗത്തോട്ടം കാണാന്‍ എത്തുന്നുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി ഭാര്യ സിന്ധുവും ഒപ്പമുണ്ട്. അഞ്ജിത, അനുഗ്രഹ എന്നിവരാണ് മക്കള്‍.
- ടി.പി. സന്തോഷ്കുമാര്‍
