ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ വൈകാതെ യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കരാർ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇരുപക്ഷത്തിന്റെയും ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള അന്തിമ തീരുമാനത്തിലെത്തുന്നതിനുമായി യുഎസ് പ്രതിനിധി സംഘം ഉടൻതന്നെ ഡൽഹി സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സംയുക്തമായി അറിയിച്ചു.
ഫെബ്രുവരി രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാര കരാറിന് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്ക ചുമത്തിയിരുന്ന ഉയർന്ന നികുതികൾ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുപക്ഷവും ഏകദേശ ധാരണയിലെത്തിയെങ്കിലും പിന്നീട് പശ്ചിമേഷ്യൻ പ്രതിസന്ധി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തുടർനടപടികൾ വൈകുകയായിരുന്നു. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും കരാറിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇരുരാജ്യങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോയിരുന്നു.
പ്രതിനിധി സംഘങ്ങളുടെ സന്ദർശനത്തിലൂടെ ഇടക്കാല കരാറിന്റെ അന്തിമ രൂപരേഖ ഉടൻ തയാറാക്കാൻ സാധിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ എസ്. ജയശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി വാഷിംഗ്ടൺ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും വിഭാവനം ചെയ്ത സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ഇടക്കാല കരാർ. ഇതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. തുടർനടപടികൾക്കായാണ് ഇപ്പോൾ അമേരിക്കൻ സംഘം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യൻ കയറ്റുമതികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ ഉയർന്ന നികുതികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നേരിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് 25 ശതമാനം ലെവിയും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ നികുതിയും അമേരിക്ക ചുമത്തിയിരുന്നു. എന്നാൽ ഇത് ഇന്ത്യയെ ലക്ഷ്യംവച്ചുള്ളതല്ലെന്നും ആഗോളതലത്തിൽ അമേരിക്ക നേരിടുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനും ആഭ്യന്തര ഉത്പാദന മേഖലയെ ശക്തിപ്പെടുത്താനുമുള്ള ട്രംപിന്റെ നയങ്ങളുടെ ഭാഗമാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
ആഗോള വിപണിയിലെ ഈ പുനഃക്രമീകരണത്തിലൂടെ ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരവും സുസ്ഥിരവുമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എഐ, സാങ്കേതികവിദ്യകൾ എന്നിവയുടെ സുരക്ഷിതമായ ആഗോള വിതരണ ശൃംഖലയ്ക്കായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച പാക്സ് സിലിക്ക കൂട്ടായ്മയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ ഉദാഹരണമായി റൂബിയോ ചൂണ്ടിക്കാണിച്ചു.
കൂടാതെ ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ ഇരുപതു ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയതും ശ്രദ്ധേയമാണ്. നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മികച്ച നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയുമായുള്ള സാങ്കേതിക സഹകരണം പുതിയ മാനങ്ങൾ നൽകുമെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ഐടി കമ്പനികൾക്ക് അമേരിക്കയിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ രാജ്യം പ്രോത്സാഹനം നൽകും.
സാങ്കേതിക മേഖലയ്ക്ക് പുറമെ രാജ്യത്തെ ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന കാര്യവും അദ്ദേഹം അമേരിക്കൻ പ്രതിനിധിയെ ധരിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരത്തിലുണ്ടായ പുരോഗതിയെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
