വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിലെ സൈനിക നീക്കങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ രൂക്ഷവിമർശനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമായി യുഎസ് നടത്തുന്ന സമാധാന ചർച്ചകളെ ഇസ്രയേലിന്റെ നിലപാടുകൾ പ്രതികൂലമായി ബാധിക്കുന്നതിനെത്തുടർന്നാണ് ഫോണിലൂടെ നെതന്യാഹുവിനെ യുഎസ് പ്രസിഡന്റ് അതിരൂക്ഷമായി വിമർശിച്ചത്.
യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ “ആക്സിയോസ്’ ആണ് നിർണായക വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ട് ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങൾക്ക് ട്രംപ് തടയിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബെയ്റൂട്ടിന് മേൽ നടത്തുന്ന ഭീഷണികൾ അന്താരാഷ്ട്രസമൂഹത്തിൽ ഇസ്രയേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ മുൻപ് താൻ സഹായിച്ചിട്ടുള്ള കാര്യം ഓർമിപ്പിച്ചായിരുന്നു ട്രംപിന്റെ രോഷപ്രകടനം:
“നിങ്ങൾക്കു ഭ്രാന്താണ്. ഞാനില്ലായിരുന്നെങ്കിൽ നിങ്ങൾ ജയിലിൽ കിടന്നേനെ. ഞാൻ നിങ്ങളെ രക്ഷിക്കുകയാണ്. എന്നാൽ ഇപ്പോൾ എല്ലാവർക്കും നിങ്ങളോട് വെറുപ്പാണ്. ഇങ്ങനെയുള്ള നീക്കങ്ങൾ കാരണം ലോകം മുഴുവൻ ഇസ്രയേലിനെ വെറുക്കുന്നു…’ എന്ന് ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്കെതിരേ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ട്രംപ് അംഗീകരിക്കുന്നുണ്ടെങ്കിലും, നിലവിൽ ഇസ്രയേൽ നടത്തുന്ന സൈനികനീക്കങ്ങൾ അതിരുകടക്കുന്നുവെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ഹിസ്ബുള്ള നേതാക്കളെ വധിക്കാൻ സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾ ഒന്നടങ്കം തകർക്കുന്ന ഇസ്രയേലിന്റെ നടപടികളോടു കടത്തു വിയോജിപ്പാണ് യുഎസ് പ്രസിഡന്റിനുള്ളത്.
അതേസമയം, ട്രംപിന്റെ കർശനമായ ഇടപെടലിനെത്തുടർന്ന്, ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്താനുള്ള പദ്ധതിയിൽനിന്ന് ഇസ്രയേൽ തത്കാലം പിന്മാറിയെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഫോൺ സംഭാഷണത്തിനു പിന്നാലെ, ചർച്ച ഫലപ്രദമായിരുന്നു എന്ന് വ്യക്തമാക്കി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ബെയ്റൂട്ടിലേക്ക് വലിയ തോതിലുള്ള സൈനിക നീക്കം നടത്തരുതെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. അദ്ദേഹം സൈന്യത്തെ തിരിച്ചുവിളിച്ചു. ഇസ്രയേലിനുനേരേ ആക്രമണം നടത്തില്ലെന്ന് ഹിസ്ബുള്ള പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റുമായുള്ള സംഭാഷണം നെതന്യാഹു സ്ഥിരീകരിച്ചെങ്കിലും, ട്രംപിന്റെ വാക്കുകളെ താക്കീതായല്ല, മറിച്ച് തങ്ങൾ നൽകിയ മുന്നറിയിപ്പായിട്ടാണ് ഇസ്രയേൽ ചിത്രീകരിക്കുന്നത്. ഹിസ്ബുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ ബെയ്റൂട്ടിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും തെക്കൻ ലബനനിലെ സൈനിക നടപടികൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഏപ്രിൽ പകുതി മുതൽ ഇരുവിഭാഗവും തമ്മിൽ വെടിനിർത്തൽ നിലവിലുണ്ടായിരുന്നെങ്കിലും, ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെ ഹിസ്ബുള്ള വീണ്ടും തിരിച്ചടി ആരംഭിക്കുകയായിരുന്നു.
