വാഷിംഗ്ടൺ ഡിസി: യുഎസ് സൈനികർക്കുനേരേ ആക്രമണമുണ്ടായാൽ താത്കാലിക വെടിനിർത്തൽ അവസാനിക്കുമെന്നും ഇറാനെതിരേ കനത്ത പ്രത്യാക്രമണമുണ്ടാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.”ഇറാൻ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയാൽ, അതോടെ വെടിനിർത്തൽ കരാർ അവസാനിക്കും. പിന്നെ ഇറാൻ നരകമായി മാറും…’ ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ശക്തമായ പ്രതികരണം.
അതേസമയം, അമേരിക്കൻ സൈന്യത്തിനുനേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന നിലപാടിലാണ് ഇറാൻ. കഴിഞ്ഞ ചൊവ്വാഴ്ച കുവൈറ്റിലെ യുഎസ് സൈനിക താവളത്തിനുനേരേ നടത്തിയ ആക്രമണങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യായീകരിച്ചിരുന്നു.തങ്ങൾക്കെതിരേ സൈനിക നടപടിയെടുക്കാൻ അമേരിക്കയ്ക്കു താവളമൊരുക്കരുതെന്നു മേഖലയിലെ രാജ്യങ്ങൾക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് അരാഗ്ചി വ്യക്തമാക്കി.
തങ്ങളുടെ ലക്ഷ്യം അമേരിക്കൻ താവളങ്ങൾ മാത്രമാണെന്നും അയൽരാജ്യങ്ങളുടെ ഭൂപ്രദേശമല്ലെന്നും ഇറാൻമന്ത്രി കൂട്ടിച്ചേർത്തു. പല പ്രാദേശിക രാജ്യങ്ങളും തങ്ങൾക്കെതിരേ ആക്രമണം നടത്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനെ എതിർത്തെങ്കിലും, അമേരിക്ക അംഗീകരിച്ചില്ലെന്നും ഇറാൻ കുറ്റപ്പെടുത്തി.ഫെബ്രുവരി 28-ന് ആരംഭിച്ച “ഓപ്പറേഷൻ എപിക് ഫ്യൂറി’ നടപടിയിൽ ഇതുവരെ പതിമൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴുപേർ ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിലും ആറുപേർ യുദ്ധത്തിനിടയിലുണ്ടായ അപകടങ്ങളിലുമാണു മരിച്ചത്.
ഏപ്രിൽ എട്ടിന് ഇരുരാജ്യങ്ങളും തമ്മിൽ താത്കാലിക വെടിനിർത്തലിൽ ഏർപ്പെട്ടതിനുശേഷം അമേരിക്കൻ സൈനികർക്കൊന്നും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച കുവൈറ്റിനുനേരേ ഇറാൻ പതിമൂന്ന് ബാലിസ്റ്റിക് മിസൈലുകളും പതിനേഴ് ഡ്രോണുകളും തൊടുത്തുവിട്ട സംഭവത്തെ ട്രംപ് ലഘൂകരിച്ചാണ് സംസാരിച്ചത്. “ആ മേഖലയിൽ വെടിനിർത്തൽ എന്നാൽ കുറച്ചുകൂടി മിതമായ രീതിയിൽ വെടിയുതിർക്കുക എന്നാണ് അർഥം’ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാൽ, അമേരിക്കൻ സൈനികനു ജീവഹാനി സംഭവിച്ചാൽ ട്രംപിന്റെ നിലപാട് പൂർണമായും മാറുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
