ഡെറാഡൂൺ: ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കുഞ്ഞ് മരിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ യുവാവ് അറസ്റ്റിൽ.
ഉത്തരാഖണ്ഡിൽ ഡെറാഡൂണിലെ വികാസ് നഗറിന് സമീപം താമസിക്കുന്ന സീമ (26) എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഡൂൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുത്തു. യുവതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലു എന്നയാളാണ് അറസ്റ്റിലായ ഭർത്താവ്. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിയും പെൺകുട്ടിയാണെന്ന് ഭ്രൂണലിംഗ നിർണയ പരിശോധനയിലൂടെ മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
