ഇസ്ലാമാബാദ്: മാസങ്ങളുടെ ശാന്തതയ്ക്കു ശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 26 ഭീകരരെ വധിച്ചതായി പാക് വാർത്താവിതരണ മന്ത്രി അത്താവുള്ളാ തരാർ അറിയിച്ചു.
അടുത്തകാലത്ത് പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ, പരിശീലന-ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
പാക്കിസ്ഥാനോടു ചേർന്ന കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു വനിതയും ഉൾപ്പെടുന്നതായും കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് കാരണം. അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപണം നിഷേധിക്കുന്നു. ഒക്ടോബറിലെ വെടിനിർത്തലിനു പിന്നാലെ ഈ വർഷം ഫെബ്രുവരിയിലും ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
