പരവൂർ: രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പിൻവലിച്ച് പകരം ജൂൺ 30നകം പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പൂർണമായി നടപ്പിലാക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും (ആർബിഐ) വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ നിയമപരമായി തന്നെ വിപണിയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
ആഴ്ചകൾക്കുള്ളിൽ നിലവിലെ നോട്ടുകൾ നിർത്തലാക്കുമെന്ന തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായ പ്രചാരണം നടന്നതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതേത്തുടർന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ് ചെക്ക് വിഭാഗം വിഷയത്തിൽ കൃത്യമായ പരിശോധന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദത്തോട് സാമ്യമുള്ള രീതിയിൽ ഡിജിറ്റലായി മാറ്റം വരുത്തിയ വ്യാജ വീഡിയോകൾ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പിഐബി കണ്ടെത്തി. കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ട ഇത്തരം കിംവദന്തികൾ ജനങ്ങൾക്കിടയിലും ബിസിനസ് മേഖലയിലും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും സ്ഥിരീകരിക്കാത്ത സാമ്പത്തിക വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്ലാസ്റ്റിക് നോട്ടുകൾ പ്രാഥമിക ചർച്ചകളിൽ മാത്രം
അതേസമയം, പോളിമർ അധിഷ്ഠിത പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ സെൻട്രൽ ബാങ്ക് പരിശോധിക്കുന്നുണ്ടെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജൂണിൽ നടന്ന ധനനയ അവലോകന യോഗത്തിനുശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
എന്നാൽ ഈ നിർദേശം തികച്ചും പ്രാഥമിക ഘട്ടത്തിലാണെന്നും ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ചു പഠിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരുന്ന കാര്യത്തിൽ നിലവിൽ യാതൊരുവിധ അന്തിമ തീരുമാനവും കൈക്കൊണ്ടിട്ടില്ല.
മുൻപും ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കറൻസികൾ നടപ്പിലാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. വ്യത്യസ്ത കാലാവസ്ഥകളിൽ ഇത്തരം നോട്ടുകളുടെ പ്രകടനം വിലയിരുത്തുന്നതിനായി കൊച്ചി, മൈസൂരു, ജയ്പൂർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബില്യൺ പോളിമർ 10 രൂപ നോട്ടുകൾ അവതരിപ്പിക്കുമെന്ന് 2014-ൽ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾക്കായി പൊതുജനങ്ങൾ ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in-നെ മാത്രം ആശ്രയിക്കണമെന്നും വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും സർക്കാർ പൗരന്മാരോട് അഭ്യർഥിച്ചു.
