പരവൂർ: രാജ്യത്ത് സൈബർ തട്ടിപ്പുകൾ വഴി പൊതുജനങ്ങൾക്ക് വൻതോതിൽ പണം നഷ്ടമാകുന്നതിനെതിരേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ആറ് വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ മാത്രം ഇന്ത്യക്കാർക്ക് ഏകദേശം 52,976 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിൽ മൊത്തം നഷ്ടത്തിന്റെ എട്ട് ശതമാനത്തോളം വരുന്നത് നിയമപാലകരെന്ന വ്യാജേന ഭയപ്പെടുത്തി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിലൂടെയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്ന വിഷയത്തിൽ എൻഎച്ച്ആർസി ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട.) വി. രാമസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ ആശങ്കകൾ ഉയർന്നുവന്നത്.
ഇത്തരം തട്ടിപ്പുകൾ ഇരകളിൽ കടുത്ത സാമ്പത്തിക നാശം മാത്രമല്ല വരുത്തുന്നത്, മറിച്ച് അവരുടെ അന്തസിനും മനുഷ്യാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി. നിയമ നിർവഹണ ഏജൻസികളോടുള്ള പൊതുജനങ്ങളുടെ ഭയം മുതലെടുത്താണ് കുറ്റവാളികൾ വലവിരിക്കുന്നത്. പലപ്പോഴും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള നിയമനടപടികൾ ഇരകൾക്ക് തട്ടിപ്പിനേക്കാൾ വേദനാജനകമായി മാറുന്നുണ്ടെന്നും യോഗം വിലയിരുത്തി.
പ്രായമായവർ പ്രധാന ഇരകൾ
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, വ്യവസായികൾ തുടങ്ങിയ മുതിർന്ന പൗരന്മാരെയാണ് സൈബർ സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മാത്രം മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് 3000-ത്തിൽ അധികം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ നടന്നതായി സുപ്രീം കോടതിയിൽ സമർപിച്ച വിവരങ്ങൾ ഉദ്ധരിച്ച് എൻഎച്ച്ആർസി സെക്രട്ടറി ജനറൽ ഭരത് ലാൽ വ്യക്തമാക്കി. പല വ്യക്തിഗത വിവരങ്ങളും ഡേറ്റാ ചോർച്ചയിലൂടെ കൈക്കലാക്കുന്ന കുറ്റവാളികൾ അത് ഉപയോഗിച്ച് ഇരകളെ വിശ്വസിപ്പിച്ചാണ് കെണിയിലാക്കുന്നത്. ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തട്ടിപ്പിനു പിന്നിൽ അന്താരാഷ്ട്ര ശൃംഖല
ചർച്ചയിൽ പങ്കെടുത്ത സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പ്രതിനിധികൾ ഇത്തരം തട്ടിപ്പുകളുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്തുവിട്ടു. വൻതോതിലുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ പലതും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നത്.
വ്യാജ ബാങ്ക് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ), ടെലികോം ശൃംഖലകൾ, സോഷ്യൽ മീഡിയ ഇടനിലക്കാർ എന്നിവയ്ക്ക് പുറമെ മനുഷ്യക്കടത്ത് സംഘങ്ങൾ വരെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഫോൺ കോളുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത വോയ്സ്-വീഡിയോ കോളിംഗ് (ഒടിടി) പ്ലാറ്റ്ഫോമുകളിലേക്ക് തട്ടിപ്പുകാർ മാറിയ സാഹചര്യത്തിൽ ട്രായ് പോലുള്ള റെഗുലേറ്ററി സംവിധാനങ്ങൾ ഇതിനായി പ്രത്യേക ചട്ടക്കൂട് കൊണ്ടുവരണമെന്നും ആവശ്യമുയർന്നു.
പ്രത്യേക ശിക്ഷാ നിയമം വേണമെന്ന് വിദഗ്ദ്ധർ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ നിലവിലുള്ള നിയമങ്ങൾക്ക് കീഴിൽ പ്രത്യേക കുറ്റകൃത്യമായി രേഖപ്പെടുത്തണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന പ്രധാന ശുപാർശ. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നതും സർക്കാർ ലോഗോകൾ ദുരുപയോഗം ചെയ്യുന്നതും കടുത്ത ക്രിമിനൽ കുറ്റമാക്കണം. വൻതുക കൈമാറുന്ന വേളകളിൽ താൽക്കാലിക തടസം (സർക്യൂട്ട് ബ്രേക്കറുകൾ) ഏർപ്പെടുത്തുക, അസ്വാഭാവികമായ നീണ്ട കോളുകൾ വരുമ്പോൾ അലേർട്ടുകൾ നൽകുക, ഇരകൾക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുക, സർക്കാർ അറിയിപ്പുകളുടെ സത്യാവസ്ഥ പരിശോധിക്കാൻ ഏകീകൃത പോർട്ടൽ നിർമിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധർ മുന്നോട്ടുവച്ചു.
ഈ ശിപാർശകൾ വിശദമായി പരിശോധിച്ച ശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അന്തിമ നിർദേശം സമർപ്പിക്കുമെന്ന് എൻഎച്ച്ആർസി അധികൃതർ അറിയിച്ചു.
എസ്. ആർ. സുധീർ കുമാർ
