പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റാരോപിതനായി റിമാൻഡിൽ കഴിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം പൂർണമായി തള്ളുന്നു.നടപടി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15നു ചേരുന്ന ജില്ലാ കമ്മിറ്റി പത്മകുമാറിനെതിരേയുള്ള നടപടി ചർച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാന സമിതിയംഗങ്ങളുടെ സാന്നിധ്യത്തിലാകും ജില്ലാ കമ്മിറ്റി യോഗം ചേരുക.
പാർട്ടി അംഗത്വം പുതുക്കാതെ പത്മകുമാറിനെ സ്വാഭാവികമായി പുറത്തു കളയാനായിരുന്നു നേതൃത്വം ആലോചിച്ചിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച അദ്ദേഹം പാർട്ടി അംഗത്വം പുതുക്കി. ഇതോടെ വീണ്ടും വെട്ടിലായ സിപിഎം നേതൃത്വം പത്മകുമാറിനെതിരേ നടപടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സമിതിയിലും പത്മകുമാർ വിഷയം കടന്നുവന്നിരുന്നു. പരാജയ കാരണങ്ങളിലൊന്ന് പത്മകുമാറിനെതിരേ നടപടി എടുക്കാതിരുന്നതാണെന്നതായിരുന്നു വിലയിരുത്തൽ. കേസിൽ കുടുങ്ങുന്പോൾ പത്മകുമാർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോന്നി മുന്‍ എംഎല്‍എയുമായ പത്മകുമാര്‍ കഴി ഞ്ഞ നവംബര്‍ 20 നാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ രണ്ടിന് ദ്വാരപാലക പാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയില്‍നിന്നു സ്വര്‍ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെ കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
നിലവില്‍ ജാമ്യത്തിലാണ് പത്മകുമാര്‍. മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് പത്മകുമാര്‍ ജാമ്യത്തിലിറങ്ങിയത്.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു നിര്‍ദേശം. കേസിൽ അന്തിമ വിധി വന്നിട്ടാകാം നടപടി എന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
ഇതിനിടെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറി പത്മകുമാറിനു കത്തു നൽകിയിരുന്നു.കേസിൽ താൻ ബലിയാടായെന്നും പാർട്ടി അച്ചടക്ക നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തൃപ്തികരമായ വിശദീകരണം നൽകാത്ത സാഹചര്യത്തിൽ പത്മകുമാറിനെതിരേ നടപടി വേണമെന്ന ആവശ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷവും.
