പകർച്ചസാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു.
രോഗലക്ഷണങ്ങൾ
രോഗാണു ബാധയുണ്ടായി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. പനി, വയറിളക്കം, ഛർദിൽ, മനംപിരട്ടൽ, രക്തം കലർന്ന മലം , വേദനയോടെ ഇടവിട്ട് ടോയ്ലറ്റിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. രോഗമുള്ളവരിൽ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കുന്നതിന് ഒആർഎസ് (ORS) പാനീയം ഇടയ്ക്കിടെ കുടിക്കുക. സർക്കാർ ആശുപത്രികളിൽ നിന്നും അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന ഒആർഎസ് പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയിപ്പിച്ചശേഷം ഉപയോഗിക്കുക. തയാറാക്കി 24 മണിക്കൂർ കഴിഞ്ഞ പാനീയം ഉപയോഗിക്കരുത്. മരുന്നുകൾ നിർദേശിക്കുന്ന ക്രമത്തിൽ ഡോസ് പൂർത്തിയാക്കി കഴിക്കുക.
സോപ്പ് ഉപയോഗിച്ച് കൈ കഴുകാം
ആഹാര പാനീയ ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കുക. പാകം ചെയ്യുന്നതിന് മുമ്പ്, ആഹാരം വിളമ്പുന്നതിനുമുമ്പ് ,ആഹാരം കഴിക്കുന്നതിനു മുമ്പ് ശുചിമുറി ഉപയോഗിച്ച ശേഷം തുടങ്ങിയ അവസരങ്ങളിലും കൈകൾ മലിനമാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം വിരലുകൾക്കിടയിലും നഖങ്ങൾ തമ്മിൽ ഉരച്ചും വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.
രോഗികൾ ശ്രദ്ധിക്കുക
*രോഗികൾ വ്യക്തിശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും.
- ടോയ്ലറ്റിൽ പോയ ശേഷം എല്ലായ്പ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. കൈ കഴുകുമ്പോൾ വിരലുകൾക്കിടയിലും നഖങ്ങൾ ഉരച്ചും കഴുകാൻ ശ്രദ്ധ വേണം.
- ഉപയോഗശേഷം ടോയ്ലറ്റ് അണുനാശിനി ഉപയോഗിച്ച് കഴുകുക.
- വീടിനുള്ളിൽ ഛർദ്ദിൽ നിലത്ത് വീണാൽ അണുനാശിനി ഉപയോഗിച്ച് തേച്ചു കഴുകി വൃത്തിയാക്കുക.
- ധരിക്കുന്ന വസ്ത്രങ്ങളുടെ പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ വൃത്തി, കിടക്ക വിരിയുടെ വൃത്തി എന്നിവ ഉറപ്പാക്കുക.
- അസുഖം പിടിപെട്ടവർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക.മറ്റുള്ളവർ ഇവ ഉപയോഗിക്കരുത്.
- നഖങ്ങൾ അഴുക്കിരിക്കാതെ വെട്ടി സൂക്ഷിക്കുക.
- രോഗലക്ഷണങ്ങൾ കുറഞ്ഞാലും രണ്ടാഴ്ച എങ്കിലും പൊതുചടങ്ങുകളിൽ ഭക്ഷണം വിളമ്പുക, ആഹാരം പങ്കിടുക, ഭക്ഷണ ശാലകളിൽ പോകുക എന്നിവ ഒഴിവാക്കുക.
- രോഗലക്ഷണങ്ങൾ കുറയാത്ത പക്ഷം ഡോക്ടറുടെ നിർദേശം സ്വീകരിക്കണം
