വൈപ്പിൻ: നായരമ്പലം ഭഗവതി വിലാസം ക്ഷേത്രത്തിലെ എണ്ണ വഴിപാട് കൗണ്ടറിലെ മേശ കുത്തിപ്പൊളിച്ച് 20000 രൂപ മോഷ്ടിച്ച മൂന്നംഗസംഘത്തിൽ ഒരാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബു(23)വാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്.
ഈ മാസം 11ന് പുലർച്ചെയായിരുന്നു സംഭവം. സിസി ടിവി ഫുട്ടേജുകൾ വച്ച് പോലീസ് പ്രാദേശികമായി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ടെമ്പിൾ തെഫ്റ്റ് സ്ക്വാഡുമായി ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
പ്രിൻസിപ്പൽ എസ്ഐ അരുണിന്റെ നേതൃത്വത്തിൽ പ്രതികളിൽ ഒരാളെ ഇന്നലെ രാവിലെ പട്ടണക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാണ് മൂവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
