ആലവ: ആലുവ–മൂന്നാർ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി. റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകേണ്ട ഭൂവുടമകളുടെ യോഗം ഇന്നു മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ കോതമംഗലം കോഴിപ്പിള്ളി ബൈപാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് 23 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.
രാവിലെ 10 ന് ഇരിങ്ങോൾ റോട്ടറി ഹാളിൽ (പെരുമ്പാവൂർ മരയ്ക്കാർ ജംഗ്ഷൻ മുതൽ കുറുപ്പംപടി ടൗൺ വരെയുള്ളവർ) ആണ് ആദ്യ യോഗം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് അശമന്നൂർ പഞ്ചായത്ത് ഹാളിൽ (കുറുപ്പംപടി മുതൽ ഓടക്കാലി വരെയുള്ളവർ) അടുത്ത യോഗം നടക്കും. അവസാന ദിവസമായ 18 ന് രാവിലെ 10 ന് ആലുവ വൈഎംസിഎ ഹാളിലും (പുളിഞ്ചോട് മുതൽ അണ്ടിക്കമ്പനി വരെ), ഉച്ചയ്ക്ക് രണ്ടിന് നെടുംതോട് മാതാ ഓഡിറ്റോറിയത്തിലും (പോഞ്ഞാശേരി മുതൽ പാലക്കാട്ടുതാഴം വരെ) യോഗം നടക്കും.
കളമശേരി രാജഗിരി കോളജാണ് സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നത്. സർവേ നമ്പർ അടക്കമുള്ള വിജ്ഞാപനം ജനുവരി 27 ന് പ്രസിദ്ധീകരിച്ചിരുന്നു. കിഫ്ബി 653 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ ആലുവ വെസ്റ്റ്, ചൂർണിക്കര, കീഴ്മാട്, ആലുവ ഈസ്റ്റ്, വാഴക്കുളം, അറയ്ക്കപ്പടി, വെങ്ങോല, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, അശമന്നൂർ, ഇരമല്ലൂർ, തൃക്കാരിയൂർ, കോതമംഗലം എന്നീ 14 വില്ലേജുകളിലായി 102.08 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
ഭൂവുടമകളുടെ യോഗം നടക്കുന്ന മറ്റ് തീയതികൾ: 16 ന് രാവിലെ 10 ന് ഇളമ്പ്ര പള്ളിപ്പടി മുഹ്യുദീൻ ജുമാമസ്ജിദ് ഓഡിറ്റോറിയം (ഓടയ്ക്കാലി മുതൽ തങ്കളം വരെ), ഉച്ചയ്ക്ക് രണ്ടിന് കോതമംഗലം മുനിസിപ്പൽ ഹാൾ (തങ്കളം മുതൽ കോഴിപ്പിള്ളി വരെ), 17 ന് രാവിലെ 10 ന് ആലുവ ചൂണ്ടി സെന്റെ പയസ് ചർച്ച് ഓഡിറ്റോറിയം (അണ്ടിക്കമ്പനി മുതൽ രാജഗിരി ആശുപത്രി വരെ), ഉച്ചയ്ക്ക് രണ്ടിന് ചെമ്പറക്കി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഹാൾ (രാജഗിരി ആശുപത്രി കഴിഞ്ഞ് പോഞ്ഞാശേരി വരെ) യോഗം നടക്കും.
