ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിൽ കാട്ടാന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. കീഴ്പള്ളി ഓടൻതോട് റോഡിന് സമീപത്തായി ഫാം സ്കൂളിനോട് ചേർന്നാണ് പുതിയ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. മോഡൽ റസിഡൻഷൽ സ്കൂളിന്റെ ചുറ്റുമതിൽ ആനകൾ തകർക്കുന്നത് പതിവാണെങ്കിലും ഫാം സ്കൂളിന്റെ നേരെയുള്ള കാട്ടാനയുടെ ആക്രമണം താരതമ്യേന കുറവായിരുന്നു. സ്കൂളിന് സമീപത്ത് വരെ ആനകൾ എത്താറുണ്ടെങ്കിലും സ്കൂളിന് നേരെ ആക്രമണം നടത്താറില്ല.
വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കാൻ സ്കൂളുകൾക്ക് ചുറ്റുമതിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതാണ് കാട്ടാനകൾ തകർത്തിരിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം അതി രൂക്ഷമായി തുടരുകയാണ്.വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ തൂക്കുവേലുകൾ തകർത്താണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്. വനാതിർത്തിയിൽ രണ്ടാഴ്ചയിലധികമായി തകർന്നുകിടക്കുന്ന തൂക്കുവേലികൾ അധികൃതർ നേരെയാക്കിയില്ലെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്.
ടിആർഡിഎം, അനേർട്ട് അധികൃതരും വിഷയത്തിൽ അലംഭാവം കാണിച്ചെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തൂക്കുവേലിയുടെ അറ്റകുറ്റപ്പണികൾ തീർക്കേണ്ട അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലായെന്നും ജനങ്ങൾ പരാതി പറയുന്നു. 15 ഓളം ജീവനുകൾ പൊലിഞ്ഞ ആറളത്ത് വീണ്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ഫെബ്രുവരിയിലാണ് പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിൽ അനീഷ് എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതിനുശേഷം നിരവധി ഘട്ടങ്ങളിലായി വനം വകുപ്പ് ഓപ്പറേഷൻ ഗജമുക്തി നടത്തിയെങ്കിലും പദ്ധതി ഫലം കാണുന്നില്ല. 20ലധികം ആനകളെ തുരത്തിയെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോഴും തുരത്തിയ അടുത്ത നിമിഷം തന്നെ ആനകൾ തിരികെ ജനവാസ മേഖലയിൽ പ്രവേശിക്കുകയാണ് പതിവ്.
ജനങ്ങളുടെ സുരക്ഷയ്ക്കായി നിർമിക്കുന്ന ആന മതിലിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ആറളം പുനരധിവാസ മേഖലയിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുകയെന്നത് പുതിയ സർക്കാരിന്റെ മുമ്പിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
