ചാത്തന്നൂർ: യുഡിഎഫ് സർക്കാർ വനിതകൾക്ക് നടപ്പാക്കിയ കെ എസ് ആർ ടി സി യിലെ പ്രിയദർശിനി സൗജന്യ യാത്രയിൽ വനിതാ യാത്രക്കാരുടെ വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്നലെ 5,95,245 വനിതാ യാത്രക്കാരാണ് അധികമായി യാത്ര ചെയ്തത്. തിങ്കളാഴ്ചയായ ഇന്നലെ 13, 29, 938 സ്ത്രീ യാത്രക്കാരാണ് യാത്ര ചെയ്തത്.
അതിന് മുമ്പത്തെ തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു. സൗജന്യ യാത്ര ആരംഭിച്ച ആദ്യ ദിവസം 7, 83,115 സ്ത്രീകളാണ് സീറോ ടിക്കറ്റെടുത്ത് യാത്ര ചെയ്തത്. കെ എസ് ആർ ടി സി ക്ക് ഇതിലൂടെ 159, 56,801 രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
അവധി കഴിഞ്ഞുള്ള ആദ്യദിവസമായതിനാൽ തിങ്കളാഴ്ചകളിൽ കെ എസ് ആർടിസിയിൽ വലിയ തിരക്കായിരിക്കും. സാധാരണക്കാർക്കും ജോലിക്കു പോകുന്ന സ്ത്രീകൾക്കും പ്രിയദർശിനി സൗജന്യയാത്ര അനുഗ്രഹമായെന്ന് ആദ്യ ദിവസത്തെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.
- പ്രദീപ് ചാത്തന്നൂർ
