പരവൂർ: ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ദീർഘദൂര ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന അഞ്ച് പ്രധാന ട്രെയിനുകൾ മുൻനിരയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 100 കോടി രൂപയ്ക്കടുത്ത് വരുമാനം നേടുന്ന ട്രെയിനുകളാണ് ഈ പട്ടികയിലുള്ളത്.
കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ പാതയിലൂടെ സർവീസ് നടത്തുന്ന ഡിബിആർജി വിവേക് എക്സ്പ്രസാണ് (22503) വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ വർഷം ഏകദേശം 100.57 കോടി രൂപയാണ് ഈ ട്രെയിൻ റെയിൽവേക്കു നേടിക്കൊടുത്തത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് നാഗർകോവിൽ വഴി കേരളത്തിലേക്ക് പ്രവേശിക്കുന്ന ഈ ട്രെയിൻ സംസ്ഥാനത്തെ ഭൂരിഭാഗം പ്രധാന സ്റ്റേഷനുകളിലൂടെയുമാണ് കടന്നുപോകുന്നത്.
കേരളത്തിലെ തീരദേശ റെയിൽ പാതയിലൂടെ കൊച്ചിയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 98.13 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിൽ ഒമ്പത് സ്റ്റോപ്പുകൾ മാത്രമുള്ള തിരുവനന്തപുരം – നിസാമുദീൻ രാജധാനി എക്സ്പ്രസ് 95 കോടിയോളം വരുമാനം നേടി മൂന്നാം സ്ഥാനത്താണ്. കേരള എക്സ്പ്രസ് (92 കോടി), ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് (81 കോടി) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഈ ട്രെയിനുകൾ റെയിൽവേക്കു വൻ ലാഭം നേടിക്കൊടുക്കുമ്പോഴും, സംസ്ഥാനത്തെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും വലിയ അവഗണന നേരിടുന്നുണ്ടെന്ന പരാതി ശക്തമാണ്.
