എരുമേലി: എരുമേലിയിൽനിന്ന് കാണാതായ വ്യാപാരിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15ന് കോട്ടയത്തിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ എരുമേലി മറ്റന്നൂർക്കര കുന്നത്തുവീട്ടിൽ സുമേഷ് ലാലി (57) നെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകുന്നേരം തന്നെ ലോഡ്ജിൽ മുറിയെടുത്തതായാണ് വിവരം. എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ പുത്തൂർ ആണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് എരുമേലി പോലീസിൽനിന്ന് ഒരു എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും പുത്തൂരിലെ ലോഡ്ജിൽ മൃതദേഹം സുമേഷ് ലാലിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബർ വ്യാപാരവും ഒപ്പം പെയിന്റ് കടയിൽ മാനേജരായും ജോലി ചെയ്തു വരികയായിരുന്നു സുമേഷ് ലാൽ. സുമേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
