കണ്ണൂർ: യാത്രക്കാർക്ക് ആശ്വാസത്തോടൊപ്പം ദുരിതവും സമ്മാനിച്ച് ടാറിംഗ് പ്രവൃത്തി. പാപ്പിനിശേരി-വളപട്ടണം ദേശീയപാതയിൽ ടാറിംഗ് പുനരാരംഭിച്ചതാണ് ജനത്തിന് ആശ്വാസവും ഒപ്പം കടുത്ത ദുരിതവുമായത്. രാപകലില്ലാതെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ജനങ്ങളെ വലയ്ക്കുന്നത്.
തളിപ്പറമ്പ് ഭാഗത്തേക്കുളള പാതയിലാണ് വ്യാഴാഴ്ച ടാറിംഗ് തുടങ്ങിയത്. ഇതോടെ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലുടെ ഇരുവശങ്ങളിലേക്കും ഒരേസമയം വാഹനങ്ങൾ കടത്തിവിട്ടു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വൈകുന്നേരത്തോടെ കൂടുതൽ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
പഴയങ്ങാടി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രവൃത്തി ഇന്നലെ വൈകുന്നേരം വളപട്ടണം ബൂത്ത് ജംഗ്ഷൻ പിന്നിട്ടു, രാത്രിയും തുടർന്ന പ്രവൃത്തി ഇന്നും തുടരും. മഴ ഇല്ലെങ്കിൽ സ്റ്റൈലോ കോർണർ വരെ ടാറിംഗ് നടത്തുമെന്നാണ് സൂചന. അഴീക്കോട് മണ്ഡലത്തിന്റെ പരിധിയായ എകെജി ആശുപത്രി വരെ ടാറിംഗ് നടത്തണമന്ന് കെ.വി.സുമേഷ് എംഎൽഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എംഎൽഎയുടെ നിവേദനം പരിഗണിച്ച് കളക്ടർ പി. വിഷ്ണുരാജിന്റെ നിർദേശപ്രകാരമാണ് കരാറുകാരായ വിശ്വസമുദ്ര പ്രവൃത്തി ആരംഭിച്ചത്.
പത്തു വർഷമായി ടാറിംഗ് നടത്താത്ത പാപ്പിനി ശേരി- വളപട്ടണം-പുതിയതെരു റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ യാത്ര ദുസഹമായിരുന്നു. ജില്ലാ വികസന സമിതി യോഗത്തിൽ കെ.വി. സുമേഷ് എംഎൽഎ ഇക്കാര്യം ഉന്നയിച്ചെങ്കിലും ദേശീയപാത അധികൃതർ യോഗത്തിന് ഇല്ലാതിരുന്നതിനാൽ തീരുമാനമെടുത്തിരുന്നില്ല.
ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം എംഎൽഎ, കളക്ടർക്ക് നിവേദനം നല്കിയത്. തുടർന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്താണ് പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചത്. സുഗമമായ യാത്രയ്ക്ക് നല്ല റോഡ് അനിവാര്യമാണെങ്കിലും തിരക്ക് കൂടുതലുള്ള സമയത്തെ ഗതാഗതക്കുരുക്ക് ജനത്തിന് ദുരിതമാവുകയാണ്.
യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ബസ് അടക്കമുള്ള വാഹനത്തിൽ കുടുങ്ങി കിടക്കുന്നത്. കുടിവെള്ളം പോലും ലഭിക്കാതെ പലരും വാഹനത്തിൽ ക്ഷീണിതരാകുന്നതും കാണാമായിരുന്നു.
