കാസർഗോഡ്: 16 വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിക്കെതിരെ ഇതുവരെയുള്ളത് നാലു പോക്സോ കേസുകൾ. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെയാണ് (25) കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മാത്തിലിൽ നിന്ന് മേൽപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്.
തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകൾ നിലവിലുണ്ട്. പന്ത്രണ്ടു വയസുള്ള പെൺകുട്ടിക്ക് സ്വർണ ബ്രേസ്ലറ്റ് വാങ്ങിനൽകി പ്രലോഭിപ്പിച്ച് പീഡനത്തിനു വിധേയമാക്കിയതായിരുന്നു ആദ്യ കേസ്. ഇതേ പെൺകുട്ടിയുടെ 15 കാരനായ സഹോദരനെയും സ്നേഹ പീഡനത്തിനു ഇരയാക്കിയതായി പിന്നീട് കണ്ടെത്തി.
14 വയസുള്ള മറ്റൊരു ആൺകുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് വീണ്ടും പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ കേസ്. ഈ കേസുകളിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് സ്നേഹ കാസർഗോഡ് ജില്ലയിലെ മേൽപറമ്പിലേക്ക് താമസം മാറ്റുകയും അവിടെ വീണ്ടും പോക്സോ കേസിൽ പ്രതിയാകുകയും ചെയ്തത്.
മേൽപറമ്പിലെ പെൺകുട്ടിയുടെ മാതാവ് നേരത്തേ ഒരു മയക്കുമരുന്ന് കേസിൽപ്പെട്ട് കണ്ണൂർ ജയിലിലായിരുന്നു. അവിടെ വച്ചാണ് സ്നേഹയുമായി പരിചയപ്പെടുന്നത്. ഇരുവരും ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ഈ പരിചയത്തിന്റെ പേരിലാണ് സ്നേഹ ഒരു വർഷത്തോളം കാലം ഇവരുടെ വീട്ടിൽ താമസിച്ചത്. ഈ കാലത്താണ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ ഉൾപ്പെടെ വാങ്ങി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയത്. പിന്നീട് കുട്ടിയുടെ അച്ഛന് വിദേശത്തുനിന്ന് തിരിച്ചെത്തി സ്നേഹയെ വീട്ടില് നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇതിന്റെ പ്രതികാരമായി കുട്ടിയെ കൊണ്ടുതന്നെ അച്ഛനെതിരായി വ്യാജ പീഡനപരാതി കൊടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അവിടെ വച്ചു നടത്തിയ കൗൺസിലിംഗിലാണ് പീഡനം സംബന്ധിച്ച യഥാര്ഥ വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കഴിഞ്ഞ ജൂൺ 13നാണ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പുകള് പ്രകാരം കേസെടുത്തത്. ഇതോടെ സ്നേഹ ഒളിവിൽ പോകുകയായിരുന്നു.
ഏതാനും വർഷം മുമ്പ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗൺസിലറും ഇപ്പോൾ സിപിഐ നേതാവുമായ കോമത്ത് മുരളീധരനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു. സ്നേഹയും മറ്റൊരു സ്ത്രീയും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു അന്ന് കൗൺസിലറായിരുന്ന മുരളീധരനെ ആക്രമിച്ചത്.
പിതാവ് പീഡിപ്പിച്ചതായി മേൽപറമ്പിലെ പെൺകുട്ടി സ്കൂൾ കൗൺസലറോട് പറഞ്ഞതിനെ തുടർന്ന് ഈവർഷം മാർച്ച് 30ന് മേൽപറമ്പ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടിയെ ആരോ സ്വാധീനിച്ച് വ്യാജ മൊഴി നൽകിപ്പിച്ചതാണെന്നും പിതാവ് പറഞ്ഞിട്ടും അന്ന് സ്കൂൾ അധികൃതരോ പോലീസോ അത് വിശ്വാസത്തിലെടുത്തില്ല.
ഈ സമയത്ത് പെൺകുട്ടിയുടെ കുടുംബസുഹൃത്തെന്ന നിലയിൽ സ്നേഹ സ്കൂളിലും പോലീസ് സ്റ്റേഷനിലും എത്തുകയും കേസ് ബലപ്പെടുത്താനുള്ള പരമാവധി ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു നാലുദിവസം മുമ്പ് സ്നേഹ തന്റെ കുട്ടികളെ ചൂഷണം ചെയ്യുന്നതായി കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിക്കു മേൽ അന്ന് യാതൊരു നടപടിയും ഉണ്ടായില്ല. മാസങ്ങൾക്കു ശേഷമാണ് സത്യം തെളിഞ്ഞത്. സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ പങ്കും അന്വേഷിച്ചുവരികയാണ്.
