കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ ഐടി മേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കിയിട്ടും ജോലി കണ്ടെത്താനാകാതെ മാനസിക വിഷമം അനുഭവിക്കുന്ന ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
“ഈ മാസം ബിരുദം കഴിഞ്ഞിട്ടും ഒരു സോഫ്റ്റ്വെയർ ജോലി നേടാൻ ഞാൻ വൈകിപ്പോയോ?” എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ പരമാവധി ശ്രമിച്ചിട്ടും ഒരു ജോലി പോലും കണ്ടെത്താൻ സാധിക്കാത്തതിലുള്ള നിരാശയാണ് ഈ 2026 ബിടെക് ബിരുദധാരി പങ്കുവെക്കുന്നത്.
“ഞാൻ ഒരു ടയർ3 കോളേജിൽ നിന്നും ഈ മാസം ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിയാണ് ഇതുവരെ എനിക്ക് കാമ്പസ് പ്ലേസ്മെന്റ് ഒന്നും ലഭിച്ചിട്ടില്ല. രണ്ട് ഇന്റേൺഷിപ്പുകൾ, നിരവധി പ്രോജക്റ്റുകൾ, മികച്ച ഒരു പോർട്ട്ഫോളിയോ എന്നിവ എനിക്കുണ്ട്. കൂടാതെ ഡിഎസ്എ, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ എന്നിവയെല്ലാം കൃത്യമായി ചെയ്യുന്നുമുണ്ട്. എന്നാൽ മാസങ്ങളായി അപേക്ഷിച്ചിട്ടും ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിക്കാത്തതിനാൽ ഞാൻ മാനസികമായി വളരെ തളർന്നിരിക്കുകയാണെന്ന് വിദ്യാർഥിനി കുറിച്ചു.
ഓഫ് കാമ്പസ് വഴി ഇനിയും തനിക്ക് ജോലി ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ഈ വിദ്യാർത്ഥിനി സോഷ്യൽ മീഡിയയോട് ചോദിക്കുന്നത്. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആളുകളാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. നിലവിലെ വിപണി സാഹചര്യങ്ങൾ കഠിനമാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് അവർ ഉപദേശിക്കുന്നു. ഐടി മേഖലയിലെ റിക്രൂട്ട്മെന്റ് മന്ദഗതിയിലാണെങ്കിലും, ശരിയായ ദിശയിലുള്ള പരിശ്രമവും ക്ഷമയും ഉണ്ടെങ്കിൽ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
