കലിഫോർണിയ: ലോകപ്പിലെ നവാഗതരായ ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള കേപ് വെർദെ വീണ്ടും ഞെട്ടിക്കുന്നു. ആദ്യമത്സരത്തിൽ സ്പെയിനിനെതിരേ പുറത്തെടുത്ത അതേ പോരാട്ടവീര്യവുമായി കേപ് വെർദെ രണ്ടാമത്സരത്തിലും എതിരാളികളെ സമനിലയിൽ കുരുക്കി.
ഗ്രൂപ്പ്- എച്ചിൽ ഉറുഗ്വെയെ 2-2 ഗോളുകളിലാണ് കേപ് വെർദെ തളച്ചത്. അതെ, ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ശ്രദ്ധേമായി മാറുകയാണ് കേപ് വെർദെ. മിയാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 3.30ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോൾവീതം നേടി തുല്യത പാലിക്കുകയായിരുന്നു.
മത്സരം തുടങ്ങിയ ആദ്യനിമിഷങ്ങളിൽ ഉറുഗ്വെ പ്രതിരോധത്തെ കേപ് വെർദേ താരങ്ങൾ വിഷമിപ്പിക്കുന്ന രീതിയിലായിരുന്നു നീക്കങ്ങൾ. 21-ാം മിനിറ്റിൽ കേപ് വെർദെ ആദ്യഗോൾ നേടി. അവർക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന കേപ് വെർദെയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി.
ഇതോടെ പിറകിലായ ഉറുഗ്വെ ഉണർന്നു. 44-ാം മിനിറ്റിൽ മാക്സി അരാഹോയിലൂടെ അവർ സമനില ഗോൾ നേടി. വീണ്ടും ഉറുഗ്വെയുടെ മുന്നേറ്റം. ആദ്യപകുതിയുടെ അധികസമയത്ത് അഗസ്റ്റിൻ കനോബിയോ കേപ് വെർദെക്കെതിരേ ഗോൾ നേടിയതോടെ ഇടവേളക്ക് പിരിയുന്പോൾ ഉറുഗ്വെക്ക് ആശ്വാസമായിരുന്നു. 2-1. രണ്ടാം പകുതിയിൽ കളി മുറുകുന്നതാണ് കണ്ടത്.
ആഞ്ഞുപൊരുതിയ കേപ് വെർദെ ഗോളടിക്കാൻ സകല ശ്രമങ്ങളും നടത്തുന്നതാണ് കണ്ടത്. 61-ാം മിനിറ്റിൽ അവർ ലക്ഷ്യം കണ്ടു. ഉറുഗ്വെ പ്രതിരോധക്കാരുടെ പിഴവിൽ നിന്ന് അവസരം മുതലെടുത്ത് ഹെലിയോ വരേല പന്ത് വലയിലാക്കി. അദ്ദേഹം പായിച്ച ഷോട്ട് ഉറുഗ്വെ ഗോളിക്ക് അവസരം നൽകാതെ പന്ത് ലക്ഷ്യത്തിലെത്തി. ഇതോടെ മത്സരം 2-2 എന്നായി. പിന്നീട് ഇരുവരും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോൾപട്ടിക അനങ്ങിയില്ല.
