കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്യും. ലൈംഗികാതിക്രമത്തെ കുറിച്ച് അധ്യാപികയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസിന്റെ സംശയം. അധ്യാപികയെ വനിതാ ശിശു വികസന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
അങ്കണവാടി ആയയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കാശിനാഥനെ ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇന്നലെ എളമക്കര പോലീസ് പിടികൂടിയിരുന്നു.
കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില്‍ നാലു ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിക്ക് അസ്വസ്ഥതയുണ്ടായത് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നടന്ന സംഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ശനിയാഴ്ച മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശ പ്രകാരം വകുപ്പ് ജോയിന്റ് ഡറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവര്‍ ഇന്ന് അങ്കണവാടിയില്‍ നേരിട്ടെത്തി തെളിവെടുക്കും.
