ചെങ്ങന്നൂർ: കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കൊതിനിക്കൽ ഹൗസിൽ ബിനോ മാത്യു (48) ആണ് മരിച്ചത്.
മാനസികാരോഗ്യം സംബന്ധിച്ച ചികിത്സയ്ക്കായി ഇദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ ആശുപത്രിയിലെ ഏഴാം നിലയിലുള്ള സൈക്യാട്രിക് വിഭാഗത്തിലെ ജനലിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇത്രയും ശ്രദ്ധ ആവശ്യമുള്ള രോഗിയെ പരിപാലിക്കുന്നതിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
