ഈരാറ്റുപേട്ട: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിലെ സാഹസങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തലനാട് പഞ്ചായത്ത് തീരുമാനിച്ചു. പാലാ ആർഡിഒയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഇല്ലിക്കൽക്കല്ലിലെത്തിയ ചില യുവാക്കൾ അപകടകരമായി പാറയ്ക്ക് മുകളിൽ കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പിന്നാലെയാണ് ആർഡിഒ യോഗം വിളിച്ചത്.കാളക്കൂട് വഴി ഇല്ലിക്കൽക്കല്ലിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് ആർഡിഒ നിർദ്ദേശിച്ചു. കൂടാതെ പോലീസ് പട്രോളിംഗും ശക്തമാക്കും.
നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമിക്കുന്നതും ഒറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാ പഞ്ചായത്ത് ചെക്ക് പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകുമെന്നും യോഗം വിലയിരുത്തി.
യോഗതീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ അറിയിച്ചു. മൂന്നിലവ്-തലനാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഡിടിപിസി സെക്രട്ടറി, പോലീസ് പ്രതിനിധികൾ, മീനച്ചിൽ തഹസിൽദാർ, മൂന്നിലവ്-തലനാട് വില്ലേജ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
