മണിക്കൂറുകളോളം വൈകിയോടുന്ന ട്രെയിനുകൾക്കായി കാത്തിരുന്ന് വലയുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. നിശ്ചിത സമയത്തിലും കൂടുതൽ ട്രെയിനുകൾ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരമെന്നോണം ഐആർസിടിസി സൗജന്യമായി ഭക്ഷണവും പാനീയങ്ങളും നൽകും. റെയിൽവേയുടെ നിലവിലുള്ള കാറ്ററിംഗ് മാർഗനിർദേശങ്ങൾ പ്രകാരം രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
ട്രെയിൻ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയോടുകയാണെങ്കിൽ യാത്രക്കാർക്ക് ഈ സൗജന്യസേവനത്തിന് അർഹതയുണ്ടായിരിക്കും. കാത്തിരിക്കേണ്ടി വരുന്ന സമയവും സാഹചര്യവും അനുസരിച്ച് പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം, ചായ, ലഘുഭക്ഷണങ്ങൾ എന്നിവ യാത്രക്കാരുടെ താല്പര്യപ്രകാരം തെരഞ്ഞെടുക്കാവുന്നതാണ്.
യാത്രയുടെ തുടക്കത്തിലാണ് ട്രെയിൻ വൈകുന്നതെങ്കിൽ യാത്രക്കാർക്ക് ബിസ്കറ്റിനൊപ്പം ചായയോ കാപ്പിയോ ലഭിക്കും. മിൽക്ക് ക്രീമും ഷുഗർ കിറ്റും അടക്കമാണ് ഈ സർവീസ് നൽകുക. നാല് ബ്രഡ് സ്ലൈസുകൾ, ബട്ടർ ക്രീം, 200 മില്ലി ഫ്രൂട്ട് ജ്യൂസ്, ചായ അല്ലെങ്കിൽ കാപ്പി എന്നിവയാണ് പ്രാതലിൽ ഉൾപ്പെടുക.
ചോറ്, കൂടെ കടലക്കറി (ചോലെ), രാജ്മ അല്ലെങ്കിൽ മഞ്ഞപ്പരിപ്പ് കറി എന്നിവയാണ് ഉച്ചയ്ക്കും രാത്രിയിലുമുള്ള പ്രധാന വിഭവങ്ങൾ. ഓരോ ഭക്ഷണപ്പൊതിക്കൊപ്പവും അച്ചാർ, മിക്സഡ് വെജിറ്റബിൾ കറി, ഉപ്പ്, കുരുമുളക് പാക്കറ്റുകൾ എന്നിവയും യാത്രക്കാർക്ക് ഉറപ്പാക്കും.
ട്രെയിൻ മൂന്ന് മണിക്കൂറിലേറെ വൈകുകയോ അല്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ റൂട്ട് മാറ്റി വിടുകയോ ചെയ്യുകയാണെങ്കിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ടിക്കറ്റ് കാൻസൽ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഇത്തരത്തിൽ കാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഒറിജിനൽ ബുക്കിംഗ് ചാനൽ വഴി യാതൊരുവിധ കുറവും കൂടാതെ റീഫണ്ടായി ലഭിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. വൈകിയോടുന്ന ട്രെയിനുകൾ കാരണം യാത്രക്കാർ നേരിടേണ്ടി വരുന്ന മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരമേകാൻ റെയിൽവേയുടെ ഈ പദ്ധതികൾ സഹായിക്കും.
