കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഇന്നു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 9.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. നിര്‍ണായകമായ ചോദ്യം ചെയ്യല്‍ 10.30 ഓടെ ആരംഭിച്ചു.
29ന് ഹാജരാകണം എന്നാണ് നേരത്തെ വീണയെ ഇഡി അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഇതോടെ ഇഡി വീണയെ ഇന്നു വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയെ ഇന്നു ചോദ്യം ചെയ്യുക.
ജൂണ്‍ 17ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്കിയ അക്കൗണ്ട് വിശദാംശങ്ങളും കരാര്‍ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കര്‍ അടക്കം തുറന്നു പരിശോധന നടത്തിയിരുന്നു.
വീണയുടെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായി സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ ക്യാപ്റ്റില്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരായ കര്‍ത്തയുടെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. നേരത്തെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ്. കര്‍ത്തയെയും ജയ എസ്. കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു.
ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. ശശിധരന് കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.
ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 18 കോടിയോളം രൂപ താത്കാലികമായി കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഉടന്‍ ഇഡി കടക്കുമെന്നും സൂചനയുണ്ട്.
ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകം
കരിമണല്‍ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം നിരത്തിയുള്ള ചോദ്യം ചെയ്യല്‍ വീണയ്ക്ക് ഏറെ നിര്‍ണായകമാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുമോ എന്നും വ്യക്തമല്ല. അന്വേഷണ പുരോഗതി ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ നേരിട്ട് വിലയിരുത്തുന്നതിനാല്‍ ഡയറക്ടേറ്റിന്റെ തീരുമാനങ്ങളും നിര്‍ണായകമാകും. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതില്‍ വ്യക്തത വരുത്താനും നീക്കമുണ്ട്. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു.
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെയാണ് ഇഡിക്ക് ലഭിച്ചത്. സിഎംആര്‍എല്ലുമായി വീണയും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈയിലുള്ളത്.
2024 ല്‍ ആരംഭിച്ച അന്വേഷണത്തിനിടയില്‍ ആരുടെയും അറസ്റ്റ് ഇതുവരെ ഇഡി രേഖപ്പെടുത്തിയിട്ടില്ല.2016 മുതല്‍ 2020, 2021 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി ആയിരം രൂപ വീണയ്ക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്ന പേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്സാലോജിക് കമ്പനി കരിമണല്‍ കമ്പനിക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പിനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഒ കണ്ടെത്തല്‍.
- സ്വന്തം ലേഖിക
