കൊച്ചി: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികൾ കർക്കിടക വാവുബലി അർപ്പിച്ചു. പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തെ വിവിധ ബലിത്തറകളിൽ പ്രത്യേക പൂജകളും ചടങ്ങുകളും ആരംഭിച്ചു.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ആലുവാ മണപ്പുറം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, അരുവിപ്പുറം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് 36 താത്കാലിക ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. മറുകരയിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലും ബലിതർപ്പണ ചടപ്പുകൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 12-ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 വരെ തുടരും.
പെരിയാർ കരകവിഞ്ഞ് മണപ്പുറത്തെ ക്ഷേത്രമുറ്റം മുങ്ങിയിരുന്നതിനാൽ, ചെളി മാറ്റിയ ശേഷമാണ് ബലിത്തറകൾ തയാറാക്കിയത്. എങ്കിലും ഇന്ന് ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ സൂചന.
വിശ്വാസികളുടെ സൗകര്യത്തിനായി കൊച്ചി മെട്രോ തൃപ്പൂണിത്തുറയിൽ നിന്ന് രാത്രി രണ്ട് അധിക സർവീസുകൾ നടത്തി. ഇന്ന് പുലർച്ചെ 5:30-ന് ആലുവയിൽ നിന്ന് സർവീസുകൾ ആരംഭിച്ചു. ആലുവയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികൾക്ക് സുഗമമായി ബലിതർപ്പണം നടത്തുന്നതിനായി പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനങ്ങളും കർശന സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളും ക്ഷേത്ര കമ്മറ്റികളും സജീവമായി രംഗത്തുണ്ട്
