തൃശൂർ: സർക്കാർ അടിയന്തരമായി അനുവദിച്ച 44 കോടി രൂപ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടാക്കനിയായി. തൊഴിലാളികളുടെ ജൂണ്‍, ജൂലൈ മാസങ്ങളിലെ ശന്പളക്കുടിശിക രണ്ടുദിവസത്തിനകം കൊടുത്തുതീർക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ മാസം തുടക്കത്തിൽ 44 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചത്.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അക്കൗണ്ടുകളിലേക്കും പണമെത്തി. ഇതനുസരിച്ച് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർമാർ (എഇഒ) എസ്ബിഐ ബാങ്കിലേക്കു പാചകത്തൊഴിലാളികളുടെ ശന്പളം സംബന്ധിച്ച രേഖകൾ കൈമാറി. എന്നാൽ പത്തുലക്ഷത്തിനു മുകളിലുള്ള അക്കൗണ്ടുകൾ തുറക്കാൻ പ്രത്യേക പാസ്വേഡ് വേണ്ടതുണ്ട്. ഇതിനായി ഒരോ ജില്ലയ്ക്കും അനുവദിച്ചുകിട്ടിയ പാസ്വേഡ് നിർജീവമായിരുന്നു. ഇതോടെ സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടാത്ത അവസ്ഥയായി.
നിലവിലെ സാങ്കേതികപ്രശ്നം തീർക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷനെ (ഡിപിഐ) സമീപിച്ചിരിക്കുകയാണ്. എന്നാൽ ജില്ലകളിൽ എന്താണു സംഭവിച്ചതെന്നു രേഖാമൂലം ആരും മേലുദ്യോഗസ്ഥരോടു പരാതിപ്പെട്ടില്ലെന്നാണു വിവരം.സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളംകിട്ടാൻ കാലതാമസം വരുന്നതു തീർക്കാനും എല്ലാ മാസവും മുടക്കമില്ലാതെ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു നിലവിലുണ്ടായിരുന്ന നടപടികൾ പരിഷ്കരിച്ചു ചെറിയ മാറ്റംവരുത്തിയത്.
സംസ്ഥാന സർക്കാർ അനുവദിച്ച തുക വീണ്ടും സർക്കിലേക്കുതന്നെ തിരിച്ചുപോയിരിക്കുകയാണ് ഇപ്പോൾ. അതിനി തിരിച്ചയച്ചാൽ മാത്രമേ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടൂ.
- സ്വന്തം ലേഖകൻ
