മുംബൈയിൽ നിന്ന് അടുത്തിടെ ബംഗളൂരുവിലേക്ക് താമസം മാറിയ ഒരു യുവ സംരംഭകൻ നഗരത്തെക്കുറിച്ച് പങ്കുവെച്ച തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കൽപേഷ് ഭലേക്കർ എന്ന സംരംഭകനാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ബംഗളൂരുവിലെ തന്റെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചത്. നഗരത്തിലെ മനോഹരമായ കാലാവസ്ഥയെയും സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരത്തെയും പ്രശംസിച്ച അദ്ദേഹം, നഗരത്തിന്റെ മറുപുറവും തുറന്നുകാട്ടുന്നുണ്ട്.
ബംഗളൂരുവിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളും സ്വന്തം നാടും വീടും വിട്ട് കരിയർ കെട്ടിപ്പടുക്കാൻ എത്തിയവരായതിനാൽ, ഈ നഗരം കടുത്ത ഒറ്റപ്പെടൽ സമ്മാനിച്ചേക്കാമെന്ന് കൽപേഷ് കുറിച്ചു. ബംഗളൂരു ഒരു ഒറ്റപ്പെട്ട നഗരമായേക്കാം. ഭൂരിഭാഗം ആളുകളും വീടുവിട്ട് കരിയർ കെട്ടിപ്പടുക്കാൻ ഇവിടെ എത്തിയവരാണ്. അതുകൊണ്ടാണ് ഹൗസ് പാർട്ടികൾ, ബോർഡ് ഗെയിം നൈറ്റുകൾ, സ്ക്രീനിംഗുകൾ, റണ്ണിംഗ് ക്ലബ്ബുകൾ, ഡേറ്റിംഗ് ആപ്പുകൾ എന്നിവ ഇവിടെ ഇത്രയധികം സജീവമായിരിക്കുന്നത്.
നല്ല ഉദ്ദേശ്യങ്ങളുള്ള കുറച്ചുപേരെ കണ്ടെത്തി അവരെ കൂടെ നിർത്തുക. സ്വാർഥരും ബിസിനസ്സ് മനോഭാവം മാത്രം ഉള്ളവരുമായ ആളുകളിൽ നിന്ന് ദൂരം പാലിക്കുക. നഗരത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം തന്നെ അത്ഭുതപ്പെടുത്തിയതായി കൽപേഷ് പറയുന്നു. വെറും ഒരാഴ്ചയ്ക്കുള്ളിൽ പതിനഞ്ചിലധികം സ്റ്റാർട്ടപ്പ് സ്ഥാപകരെ കാണാനും മൂന്ന് നെറ്റ്വർക്കിംഗ് ഇവന്റുകളിൽ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. വലിയ രീതിയിൽ ചിന്തിക്കാൻ ബംഗളൂരു തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ കാലാവസ്ഥയെ പ്രശംസിച്ച കൽപേഷ്, നഗരത്തിലെ യാത്രാക്ലേശത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പും നൽകുന്നുണ്ട്.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. “യാഥാർഥ്യം തുറന്നുപറഞ്ഞതിന് വലിയ ബഹുമാനം,” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഓഫീസിന് അടുത്ത് തന്നെ താമസം കണ്ടെത്തൂ കൽപേഷ്, എങ്കിൽ നഗരം കൂടുതൽ ആസ്വദിക്കാം” എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം.
ബംഗളൂരുവിൽ ആളുകൾ സ്റ്റാർട്ടപ്പ് സംസ്കാരത്തെ അമിതമായി മഹത്വവൽക്കരിക്കുന്നുണ്ടെങ്കിലും, പുതിയ കാര്യങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന ആളുകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് നമ്മെ വലുതായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.
