വിവാഹം കഴിഞ്ഞുള്ള, നവദമ്പതികളുടെ വീട്ടിലേയ്ക്കുള്ള യാത്ര മണ്ണുമാന്തി യന്ത്രത്തില്‍! ജെസിബി ഓപ്പറേറ്ററായ വരന്റെയും വധുവിന്റെയും വിവാഹയാത്രയുടെ ചിത്രങ്ങള്‍ വൈറല്‍

പഴയ കാലത്ത് വിവാഹത്തിന് നവവധൂവരന്മാര്‍ക്ക് സമ്മാനങ്ങളാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചായി. വിവാഹത്തിന് അവര്‍ക്ക് നല്ല കട്ടപ്പണിയാണ് നല്‍കുക. വധൂവരന്മാരുടെ കൂട്ടുകാരാണ് പലപ്പോഴും ഇത്തരം ‘പണികള്‍’ കൊടുക്കുന്നതിനായി മുമ്പില്‍ നില്‍ക്കുന്നത്. ഇത്തരത്തില്‍ ജെസിബി ഓപ്പറേറ്റര്‍ കൂടിയായ വരനും വധുവിനും കൂട്ടുകാര്‍ കൊടുത്ത ‘പണി’യുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കല്യാണം കഴിഞ്ഞ് വധുവുമായുള്ള യാത്രയ്ക്ക് നവവധൂവരന്മാര്‍ക്കായി കൂട്ടുകാര്‍ തെരഞ്ഞെടുത്തത് മണ്ണുമാന്തി യന്ത്രമായിരുന്നു. കര്‍ണാടകത്തിലെ പുറ്റൂര്‍ താലൂക്കിലാണ് സവിശേഷമായ ഈ വിവാഹയാത്ര നടന്നത്. ജെസിബി ഓപ്പറേറ്റര്‍ ആണ് വരന്‍. സ്വന്തം ജോലിയോടുള്ള സ്‌നേഹം വിവാഹത്തിലും ചേര്‍ക്കാന്‍ ഇതാണ് കാരണം.

ദക്ഷിണ കനറയിലെ ശാന്തിയാര്‍ ഗ്രാമത്തിലെ ചേതന്‍ എന്നയാളാണ് വരന്‍. മണ്ണുമാന്തി യന്ത്രത്തിന്റെ കൈയില്‍ ഇരുന്നായിരുന്നു വരന്റെയും വധുവിന്റെയും യാത്ര. ഭാര്യ വീട്ടില്‍ നിന്ന് വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിലേക്കുള്ള യാത്രയാണ് ജെസിബിയില്‍ ആക്കിയതെന്ന് കന്നഡ ദിനപത്രം വിജയ കര്‍ണാടക റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂക്കള്‍ വച്ച് അലങ്കരിച്ചാണ് വരന്റെ സുഹൃത്തുക്കള്‍ ജെസിബി കൊണ്ടുവന്നത്. വീട്ടിലേക്കുള്ള ദൂരം ആദ്യം കുറച്ചുനേരം ജെസിബി ഓടിച്ചത് വരന്‍ തന്നെയാണ്. പിന്നീട് സുഹൃത്തുക്കള്‍ രണ്ടുപേരെയും ജെസിബി കൈക്കുള്ളിലാക്കി വാഹനം ഓടിച്ചു.

Related posts