തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെന്ഷന് പദ്ധതിയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്. അടിയന്തരപ്രമേയനോട്ടീസ് നല്കി പ്രതിപക്ഷം. എ.സി. മൊയ്തീനാണ് നോട്ടീസ് നല്‍കിയത്. സ്ത്രീ സുരക്ഷ പെന്ഷന് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പതിനാറ് ലക്ഷം സ്ത്രീകളെ സര്‍ക്കാര്‍ അപമാനിച്ചുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം പറഞ്ഞു.
സ്ത്രീ സുരക്ഷാ പെന്ഷന് പദ്ധതി വേണ്ടെന്ന് വച്ചിട്ടില്ലെന്നും അതേക്കുറിച്ച് പരിശോധന വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടി നല്കി. മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ തട്ടിക്കൂട്ട് പദ്ധതിയായിരുന്നു എല്‍ഡിഎഫ് നടത്തിയത്. അര്‍ഹരായവരെ കണ്ടെത്തണം.
അതിന് പരിശോധനയും പഠനവും വേണം. നേരത്തെ എല്‍ഡിഎഫ് ഗുണഭോക്താക്കളെ കണ്ടെത്തിയത് പഞ്ചായത്ത് സെക്രട്ടറിയുടെ പോലും പരിശോധനയില്ലാതെയാണ്. സിപിഎം ലോക്കല്‍ ഏര്യ കമ്മിറ്റി നല്കിയ ലിസ്റ്റാണ് പരിഗണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമുഹ്യ സുരക്ഷ പെന്ഷന് നല്കാന് 17000 കോടി രൂപ കടമെടുത്താണ് നല്‍കിയതെന്നും അതിന്റെ ബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ 99 പേരുള്ളപ്പോഴും താന്‍ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ 101 പേരുമായാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം മറുപടി നല്കി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി.അതേ സമയം നടപടിക്രമങ്ങള്‍ പാലിച്ച് കെ. സ്മാര്‍ട്ട് വഴിയാണ് അപേക്ഷകള്‍ സ്വീകരിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു.
