തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ സ്പോണ്സര്മാര്ക്കെതിരെ പോലീസ് നല്കിയ മുന്നറിയിപ്പ് റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ അവഗണിച്ചു. സ്പോണ്‍സര്‍മാരായ അഗസ്റ്റിന് സഹോദരന്മാര് ഫണ്ട് സ്വരൂപിച്ചതില് സംശയം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള കേസുകളുടെ പട്ടിക പോലീസ് മുന്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. സ്പോണ്സര്മാര്ക്കെതിരെ 19 കേസുകള്‍ നിലവിലുണ്ട്.
വഞ്ചന കേസില്‍ ഉള്‍പ്പെടെ നിയമനടപടി നേരിടുകയാണെന്നും കാട്ടി പോലീസ് നല്കിയ റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ച് കേന്ദ്ര അന്വേഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊച്ചിയിലെ സ്റ്റേഡിയം സ്പോണ്‍സര്‍മാര്‍ കൈയടക്കി. സ്പോണ്‍സര്‍മാര്‍ ഫിഫയെ സമീപിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു.
ചാനലിന്റെ പ്രമോഷന് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം ഈ ഇടപാടില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോണ്‍സര്‍മാര്‍ ഫെമ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി. പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലും മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം നടത്താനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ്.
