കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി തലവന്‍ എസ്. ശശിധരന് കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റീസ് വി.രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസിന്റെ ഗൗരവം പരിഗണിച്ച് ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ദ്വാരപാലക ശില്പങ്ങള് കഴിഞ്ഞവര്‍ഷം ചെന്നൈയിലെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിഗ്രഹങ്ങള്‍ മാറ്റിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതികള്‍ തമ്മിലുള്ള ആശയവിനിമയവും ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ തീരുമാനങ്ങളും നല്കുന്ന സൂചനയെന്നും നേരത്ത് എസ്ഐടിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സ്വര്‍ണം പൂശാനായി ശില്പങ്ങള് ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ 025ല്‍ സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങള് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതില്‍ പ്രതികളുടെ പങ്കും ഉദ്യോഗസ്ഥരുടെ വീഴ്ചയും വ്യക്തമാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
