തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നു ജുഡീഷൽ ഒന്നാംക്ലാസ് കോടതി നിരീക്ഷണം. ഇതിനായി ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ പാഞ്ഞു ചെന്ന് വാഹനങ്ങൾ തകർത്തു.
അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അവർ ചെയ്ത കുറ്റം ലഘൂകരിച്ചു കാണുന്നതു പോലെയാകുമെന്നും കോടതി വിലയിരുത്തി. തുടർന്നു മൂന്നു പ്രതികളുടെ ജാമ്യ ഹർജി തള്ളി.
വട്ടിയൂർക്കാവ് മാർക്കറ്റ് ലെയ്ന്‍ അനിൽ നിവാസിൽ അനിൽ കുമാർ, മണക്കാട് ആറ്റുകാൽ പാടശേരി രാമചന്ദ്രനിലയത്തിൽ എസ്.എൽ. വിജയ്, മണക്കാട് കിള്ളിത്തറ പുത്തൻ വീട്ടിൽ നിഷാദ് എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലന്പള്ളി മനുവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
