ഡള്ളാസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ ശക്തികളായ ഐവറികോസ്റ്റിനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് നോർവെ പ്രീക്വാർട്ടറിൽ. അന്േറാണിയോ നുസ, സൂപ്പർ താരം എർലിംഗ് ഹാലണ്ട് എന്നിവരാണ് നോർവെയുടെ ഗോളുകൾ നേടിയത്. മറുവശത്ത് പകരക്കാരനായി എത്തിയ അമദ് ദിയാലോയിലൂടെ ഐവറികോസ്റ്റ് ഒരു ഗോൾ മടക്കി. മുൻ ജേതാക്കളായ ബ്രസീലുമായി നോർവെ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും.
യുഎസിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു നോർവെ-ഐവറികോസ്റ്റ് പോരാട്ടം. കളി ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഐവറികോസ്റ്റ് ഗോൾമുഖത്ത് വച്ച് നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ടിന്റെ ഹെഡർ ഗോൾ കീപ്പർ യാഹിയ ഫൊഫാന തടഞ്ഞു.
തൊട്ടുപിന്നാലെ ഐവറികോസ്റ്റ് താരം യാൻ ഡിയൊമാൻഡെയുടെ ഗോൾ ശ്രമവും പാഴായി. എന്നാൽ 39-ാം മിനിറ്റിൽ നോർവെയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ അന്േറാണിയോ നുസ ലോംഗ് ഷോട്ടിലൂടെ ആദ്യഗോൾ നേടി. ബോക്സിനു മുന്നിൽ വച്ച് ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് ഇടതുവശത്തേക്ക് നൽകിയ പാസ് സ്വീകരിച്ച അന്േറാണിയോ നുസ, ബോക്സിനുള്ളിലേക്ക് കടന്ന് പായിച്ച നീളൻ അടി ഗോൾവലയിൽ പതിച്ചു. പന്ത് രക്ഷപ്പെടുത്താനുള്ള ഐവറികോസ്റ്റ് ഗോൾകീപ്പർ യാഹിയ ഫൊഫാനയുടെ ശ്രമം വിഫമായി.
മുന്നിലെത്തിയ നോർവെ ആക്രമണം ശക്തമാക്കി. ഇതോടെ ഐവറികോസ്റ്റ് പ്രതിരോധം പതറി. എർലിംഗ് ഹാലണ്ട് അടക്കമുള്ള നോർവെ താരങ്ങൾ ഐവറികോസ്റ്റ് ഗോൾമുഖത്ത് പലവട്ടം അപകടം വിതച്ചു. 60-ാം മിനിറ്റിൽ ഐവറികോസ്റ്റിന്റെ അമദ് ദിയാലോ ഇറങ്ങിയതോടെ ഗോൾ വന്നു.
74-ാം മിനിറ്റിൽ സഹതാരം നിക്കോളാസ് പെപ്പെയുമായി ചേർന്ന് നടത്തിയമുന്നേറ്റമാണ് അതിമനോഹര ഗോളിന് വഴിയൊരുക്കിയത്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് പെപ്പെക്ക് പന്ത് നൽകി കുതിച്ച അമദ് ദിയാലോക്ക് തന്നെ പെപ്പെ, പന്ത് കൈമാറി. ബോക്സിലേക്ക് കടന്നെത്തിയ അമദ് ദിയാലോ നോർവെ പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
മത്സരംസമനിലയിൽ തീരുമെന്ന് തോന്നിച്ച നിമിഷത്തിൽ 86-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ടിലൂടെ നോർവെ ഗോൾ നേടുന്നതാണ് കണ്ടത്. മധ്യനിരയിലെ പാട്രിക് ബെർഗ് ആണ് ഗോളിന് വഴിയൊരുക്കിയത്. പിന്നീട് സമനില ഗോളിനായി ഐവറികോസ്റ്റ് ആകുന്നത്ര പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
