മെട്രോ നഗരങ്ങളിലെ കോർപറേറ്റ് ജീവിതത്തോട് വിടപറഞ്ഞ് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് താമസം മാറ്റിയ യുവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നഗരങ്ങളിലെ ഓട്ടപ്പാച്ചിലുകളിൽ നിന്ന് മാറി സമാധാനപരമായ ഒരു ജീവിതശൈലി ആഗ്രഹിച്ചാണ് ഇവർ മണാലിയിലേക്ക് മാറിയതെങ്കിലും, പ്രതിമാസ ചെലവിൽ 30,000 രൂപയിലധികം ലാഭിക്കാൻ കഴിഞ്ഞതാണ് ഇവരെയും നെറ്റിസൺസിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പണം ലാഭിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് ഈ ദമ്പതികൾ പറയുന്നു.
അഞ്ജലിയും നമനും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. തങ്ങളുടെ കോർപറേറ്റ് ജോലികൾ റിമോട്ട് വർക്ക് അഥവാ വീട്ടിലിരുന്ന് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവർ ഹിമാലയൻ താഴ്വരയിലേക്ക് താമസം മാറ്റിയത്. യാതൊരുവിധ ശ്രമവുമില്ലാതെ, തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ ഓരോ മാസവും 30,000 രൂപയിലധികം ലാഭിക്കാൻ തുടങ്ങിയത്,” അഞ്ജലി വീഡിയോയിൽ പറയുന്നു. മണാലിയിലെത്തിയ ശേഷം തങ്ങളുടെ ജീവിതച്ചെലവുകളിൽ വന്ന വലിയ മാറ്റങ്ങളും അവർ പങ്കുവെച്ചു.
ഇവരുടെ ബജറ്റിൽ ഏറ്റവും വലിയ മാറ്റം വരുത്തിയത് വീട്ടുവാടകയാണ്. നഗരത്തിൽ താമസിച്ചിരുന്നപ്പോൾ മാസം 45,000 രൂപ വാടകയിനത്തിൽ നൽകിയിരുന്ന സ്ഥാനത്ത് മണാലിയിൽ ഇവർക്ക് ഒരേയൊരു മാസം വേണ്ടി വരുന്നത് 28,000 രൂപ മാത്രമാണ്. ഇതിലൂടെ മാത്രം 17,000 രൂപ ലാഭിക്കാൻ ഇവർക്ക് കഴിഞ്ഞു.
ഓഫീസിലേക്ക് ദിവസേനയുള്ള യാത്രകൾ ഒഴിവായതോടെ യാത്രാച്ചെലവിൽ 3,000 രൂപയും ലാഭമായി. കൂടാതെ നഗരങ്ങളിൽ പതിവായിരുന്ന ആഡംബര റസ്റ്റോറന്റുകളിലെ അത്താഴവിരുന്നുകൾ, കോഫി ഷോപ്പ് സന്ദർശനങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ കുറഞ്ഞതോടെ പ്രതിമാസ ബജറ്റിൽ നിന്ന് 7,500 രൂപ കൂടി മിച്ചം പിടിക്കാൻ സാധിച്ചു.
ഏറ്റവും വലിയ സർപ്രൈസ് മറ്റൊന്നായിരുന്നു; വാരാന്ത്യങ്ങളിലെ വിനോദയാത്രകൾക്കായി നഗരങ്ങളിൽ വെച്ച് ഇവർ ചെലവാക്കിയിരുന്ന 5,000 മുതൽ 6,000 വരെയുള്ള തുക ഇപ്പോൾ പൂർണമായും ലാഭമാണ്. നഗരത്തിലെ മടുപ്പിക്കുന്ന ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനാണ് മുൻപ് യാത്രകൾ പ്ലാൻ ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതിനാൽ പ്രത്യേകമായി മറ്റൊരു യാത്രയുടെ ആവശ്യം വരുന്നില്ലെന്ന് ദമ്പതികൾ വ്യക്തമാക്കുന്നു.
“കുറഞ്ഞ ചെലവിൽ ജീവിക്കാനല്ല ഞങ്ങൾ റിമോട്ട് വർക്ക് തെരഞ്ഞെടുത്തത്, മറിച്ച് വ്യത്യസ്തമായി ജീവിക്കാനാണ്. പണം ലാഭിക്കാൻ കഴിഞ്ഞത് തികച്ചും അപ്രതീക്ഷിതമായി കിട്ടിയ ബോണസ് മാത്രമാണ്,” അഞ്ജലി കൂട്ടിച്ചേർത്തു.
നഗരജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന വലിയ ചെലവുകളെക്കുറിച്ചും, വർക്ക് ഫ്രം ഹോം നൽകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുന്നത്. മികച്ചൊരു തൊഴിൽ-ജീവിത സന്തുലിതാവസ്ഥ തേടി മെട്രോ നഗരങ്ങൾ ഉപേക്ഷിച്ച് ചെറിയ പട്ടണങ്ങളിലേക്ക് ചേക്കേറുന്ന പ്രഫഷണലുകളുടെ എണ്ണം കൂടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
