ട്രാഫിക് സിഗ്നലിലെ ഒരു ചെറിയ സംഭാഷണം ഒടുവിൽ കലാശിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒരു അപൂർവ നിമിഷത്തിൽ. ബംഗളൂരുവിലെ യുവ വ്യവസായി തന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാർ, അത് ഓടിച്ചു നോക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കൈമാറിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വ്യവസായിയായ രാകേഷ് കെ.എൻ.വി. പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
തന്റെ ആഡംബര മഞ്ഞ ലംബോർഗിനി കാറിൽ ബംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു രാകേഷ്. ഇതിനിടയിലാണ് തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നത്. രാകേഷിന്റെ ഓൺലൈൻ വീഡിയോകളുടെ സ്ഥിരം പ്രേക്ഷകനായ ഓട്ടോ ഡ്രൈവർ, രാകേഷിനെയും അദ്ദേഹത്തിന്റെ ആഡംബര കാറിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് ആവേശത്തോടെ പറഞ്ഞു. ഒപ്പം ഈ കാർ ഒന്ന് ഓടിച്ചു നോക്കാൻ വലിയ ആഗ്രഹമുണ്ടെന്ന കാര്യവും അദേഹം പങ്കുവെച്ചു.
സാധാരണയായി ഇത്തരം ആവശ്യങ്ങളോട് ആളുകൾ പ്രതികരിക്കാറില്ലെങ്കിലും രാകേഷ് ചെയ്തത് മറ്റൊന്നായിരുന്നു. വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്താൻ പറഞ്ഞ രാകേഷ്, തന്റെ ലംബോർഗിനിയുടെ താക്കോൽ ഓട്ടോ ഡ്രൈവർക്ക് കൈമാറി. തുടർന്ന് ഇരുവരും തങ്ങളുടെ വാഹനങ്ങൾ പരസ്പരം വച്ചുമാറുകയായിരുന്നു.
ഓട്ടോ ഡ്രൈവർ അതീവ ജാഗ്രതയോടെ കോടികൾ വിലയുള്ള സൂപ്പർകാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നപ്പോൾ, രാകേഷ് ഒട്ടും മടി കൂടാതെ ഓട്ടോറിക്ഷയുടെ ഉള്ളിലേക്ക് കയറി. പിന്നീട് നഗരത്തിലൂടെ ഇരു വണ്ടികളും ഒപ്പത്തിനൊപ്പം പോകുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. തന്റെ ജീവിതത്തിലെ പഴയകാല കഷ്ടപ്പാടുകൾ ഓർക്കാനുള്ള ഒരു അവസരമായിരുന്നു ഈ ഓട്ടോ യാത്രയെന്ന് രാകേഷ് പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപരിചിതനായ ഒരു വ്യക്തിയെ വിശ്വസിച്ച് ഇത്രയും വിലപിടിപ്പുള്ള വണ്ടി കൈമാറിയ രാകേഷിന്റെ മനസിനെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. പണത്തെക്കാൾ വലുതാണ് മനുഷ്യത്വവും കാരുണ്യവുമെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഡ്രൈവറുടെ മുഖത്തെ ആ സന്തോഷം മാത്രം മതി ഈ പ്രവർത്തിയുടെ മൂല്യം മനസ്സിലാക്കാൻ എന്ന് മറ്റൊരാൾ കുറിച്ചു.
