വർഷങ്ങൾക്ക് ശേഷമുള്ള ഒരു കുടുംബസംഗമത്തിന്റെ വൈകാരികമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നു. 80-ാം വയസ്സിൽ തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര നടത്തി അമേരിക്കയിലുള്ള കുടുംബത്തിനരികിലേക്ക് എത്തിയ ഒരു അമ്മൂമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ
തരംഗമാകുന്നത്.
കൃപ ജോഷി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ മനോഹരമായ വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ വീടിന് മുന്നിൽ വെച്ച് തന്റെ പ്രിയപ്പെട്ട അമ്മൂമ്മയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.
80-ാം വയസ്സിലാണ് അമ്മൂമ്മ ആദ്യമായി വിമാനത്തിൽ കയറുന്നതെന്നും തങ്ങളെ കാണാൻ അമേരിക്കയിലേക്ക് എത്തിയതെന്നും കൃപ വീഡിയോയ്ക്കൊപ്പം കുറിച്ചു. “ആ ഒരൊറ്റ കെട്ടിപ്പിടിത്തത്തിൽ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും എനിക്ക് അനുഭവപ്പെട്ടു. ചില സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.” – കൃപ കുറിച്ചു.
വീടിന് പുറത്ത് കാത്തുനിന്ന കൃപ അമ്മൂമ്മയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് കൃപ അമ്മൂമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതും കാണാം. പിന്നീട് വീട്ടിലെ കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും അമ്മൂമ്മ ഏറെ സന്തോഷത്തോടെ ചേർത്തുപിടിക്കുന്നുണ്ട്. ഒത്തുകൂടലിന്റെ ഓരോ നിമിഷത്തിലും ആ വൃദ്ധയുടെ മുഖത്തുണ്ടായിരുന്ന മനോഹരമായ പുഞ്ചിരി സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ആഴമേറിയ സ്നേഹബന്ധം കണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
