ഷാരൂഖ് ഖാൻ ചിത്രമായ ‘റബ് നേ ബനാ ദി ജോഡി’യിലെ തുജ്മേ റബ് ദിഖ്താ ഹേ എന്ന ഗാനം മനോഹരമായി ആലപിക്കുന്ന ഒരു ഫ്രഞ്ച് വെയ്റ്ററുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫ്രാൻസിലെ ടൂറിസ്റ്റ് കേന്ദ്രമായ നീസ് നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ളതാണ് ഈ ഹൃദ്യമായ ദൃശ്യം.
ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ഇന്ത്യൻ വ്ലോഗറാണ് ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്. തങ്ങൾക്ക് ഭക്ഷണം വിളമ്പുന്നതിനിടയിൽ വെയ്റ്റർ പെട്ടെന്ന് ഈ ബോളിവുഡ് ഗാനം പാടാൻ തുടങ്ങുകയായിരുന്നു എന്ന് വ്ലോഗർ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വെച്ച് സ്വന്തം നാട്ടിലെ പാട്ട് കേട്ടതോടെ വ്ലോഗറും സുഹൃത്തുക്കളും വെയ്റ്ററൊപ്പം പാട്ടിൽ പങ്കുചേർന്നു.
“നീസിലെ നിങ്ങളുടെ വെയ്റ്റർക്ക് ബോളിവുഡിനോട് ഭ്രാന്തമായ ഇഷ്ടമാണ്” എന്ന് വീഡിയോയിൽ വ്ലോഗർ കുറിച്ചിട്ടുണ്ട്. ഇതിന് അടിക്കുറിപ്പായി “ഞങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരായി മാറി”എന്നും യുവതി കൂട്ടിച്ചേർത്തു. പാട്ടിന്റെ ഒടുവിൽ ചെറിയ രീതിയിൽ ഭംഗ്ര നൃത്തച്ചുവടുകൾ വെക്കാനും ഫ്രഞ്ച് യുവാവ് മറന്നില്ല.
വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഭാഷകൾക്കപ്പുറം സംഗീതം എങ്ങനെ മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്ന് പലരും കമന്റ് ചെയ്തു.
വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാതൃരാജ്യത്തെ ഓർമിപ്പിക്കുന്ന ഇത്തരം ചെറിയ നിമിഷങ്ങൾ വലിയ സന്തോഷമാണ് നൽകാറുള്ളത് എന്നാണ് പ്രവാസികളായ ഇന്ത്യൻ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. എന്തായാലും ഈ ഫ്രഞ്ച് വെയ്റ്റർ ഇപ്പോൾ ഇന്ത്യൻ നെറ്റിസൺസിന്റെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.
