മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പഴയ മൂന്നാര്‍ സിഎസ്ഐ പള്ളിക്കു സമീപം ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി.
ദേശീയപാതയോരം ചേര്‍ന്ന് സിഎസ്ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവില്‍ 100 മീറ്റര്‍ അധികം ദൂരത്താണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ജിയോളജി സംഘം നടത്തിയ പഠനത്തിനുശേഷമാണ് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണം വേണമന്ന് നിര്‍ദേശിച്ചത്. വരുന്ന 72 മണിക്കൂറുകള്‍ക്കുള്ളില്‍ അപകടാവസ്ഥയിലുള്ള സ്ഥലത്തെ മണ്ണും കല്ലുകളും ദേശീയപാത അഥോറിട്ടി നീക്കം ചെയ്യും.
മണ്ണ് എടുത്തുമാറ്റി ചരിവ് കൂടുതല്‍ സുരക്ഷിതമാക്കാനാണ് അധികൃതരുടെ ശ്രമം. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോടെ ദേശീയപാത വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഇതിനായി മേഖലയില്‍ മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയപാത അധികൃതര്‍ ആരംഭിച്ചു.
ഇതേ സ്ഥലത്ത് അപകടഭീഷണി ഉയര്‍ത്തുന്ന ആറു മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ് അറിയിച്ചു.
ഇതേസമയം ദേശീയപാത അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പള്ളിക്കു സമീപം വലിയ വിള്ളല്‍ ഉണ്ടാകാന്‍ കാരണമായതെന്നും ഇതില്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും പള്ളിക്കമ്മിറ്റി ആവശ്യപ്പെട്ടു.
