കോട്ടയം: നഗരത്തിലെ തെരുവുനായ ഭീഷണിക്ക് അറുതി വരുത്താന്‍ നഗരസഭ. അക്രമണകാരികളായ നായകളെ പിടികൂടാനാണ് നഗരസഭയുടെ തീരുമനം.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നായപിടുത്തത്തില്‍ പരിശീലനം ലഭിച്ചവരെയാണ് നായ്ക്കളെ പിടിക്കാനായി നിയമിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ആദ്യഘട്ടത്തില്‍ അക്രമണകാരികളായ നായ്ക്കളെയാകും പിടിക്കുന്നത്. ഇങ്ങനെ പിടിക്കുന്ന നായ്ക്കളെ തത്കാലം എബിസി സെന്ററുകളില്‍ പാര്‍പ്പിക്കും.
നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭയുടെ നീക്കം. തെരുവു നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ എന്ന നഗരസഭയുടെ 50 ലക്ഷം രൂപയുടെ പദ്ധതി അടുത്ത ഘട്ടത്തില്‍ നടപ്പിലാകും. തെരുവില്‍ നിന്നും പിടിക്കുന്ന നായ്ക്കള്‍ക്ക് താമസം, ഭക്ഷണം എന്നിവയൊക്കെ അടങ്ങിയ പദ്ധതിയാണ് ഷെല്‍ട്ടര്‍ പദ്ധതി.
കാലങ്ങളായി നഗരത്തില്‍ തെരുവു നായ ശല്യം രൂക്ഷമാണ്. ശാസ്ത്രീ റോഡ്, റെയില്‍വേ സ്റ്റേഷന്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ്, കോടിമത മാര്‍ക്കറ്റ് തുടങ്ങിയ ആളുകള്‍ ഏറെ എത്തുന്നിടങ്ങളെല്ലാം തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. ആളുകളെ ഉപദ്രവിക്കുന്ന ഇവ കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ സീറ്റുകള്‍ കടിച്ചു കീറി നശിപ്പിച്ചിരുന്നു.
നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള മേല്‍പ്പാലമാണ് നായ്ക്കളുടെ പ്രധാന വിശ്രമ കേന്ദ്രം. തിരക്കിട്ട് റെയില്‍ വേ സ്റ്റേഷനിലേക്കോ, ബസ് സ്റ്റാന്ഡിലേക്കോ മേല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ നായ്ക്കളെ ചവിട്ടാനുള്ള സാധ്യതയുമുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് നായ്ക്കളിങ്ങനെ പെരുകാന്‍ കാരണമാകുന്നത്. എബിസി സെന്ററുകള്‍ കൂടുതലായി ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും നിലവിലുള്ള കേന്ദ്രങ്ങള്‍ പോലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
ആളുകള്‍ക്ക് ഭയമില്ലാതെ നഗരത്തില്‍ ഇറങ്ങി നടക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നിലവിലെ നടപടിയുടെ ലക്ഷ്യം. പലരും വീടുകൡ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പ്രായമാകുമ്പോഴോ അവര്‍ക്ക് പരിചരിക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴോ നഗരത്തില്‍ ഉപേക്ഷിച്ചു പോകുന്നത് പതിവാണ്. അതും നായ്ക്കള്‍ പെരുകാന്‍ കാരണമായിട്ടുണ്ടെന്നും നഗരസഭ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ പറഞ്ഞു.
