ദുബായ്: ഇറാനിൽ അമേരിക്ക നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശം. ഏഴു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനു സമീപമുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പാലങ്ങളും ആക്രമണത്തിൽ തകർന്നു. തുടർച്ചയായ ആറാം ദിവസമാണ് അമേരിക്ക ഇറാനിൽ കനത്ത ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും തകർന്നതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ കരിനിഴലിലായത്.
ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, ഇറാൻഷഹർ വിമാനത്താവളം, ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ തീരദേശ നഗരത്തിലുള്ള രണ്ടു പാലങ്ങൾ എന്നിവയാണ് അമേരിക്കൻ സൈന്യം പ്രധാനമായും ആക്രമിച്ചത്. വിമാനത്താവളത്തിനുസമീപം മൂന്നു വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബന്ദർ അബ്ബാസ് റെയിൽവേ സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ രണ്ട് ഇറാൻ പൗരന്മാർക്കു പരിക്കേറ്റു. കോഹൗറെസ്ഥാൻ ഗ്രാമത്തിലെ ഷോർ നദിക്ക് കുറുകെയുമുള്ള പാലങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഏക സിവിലിയൻ ആണവനിലയമുള്ള ബുഷെഹറിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമണം ശക്തമാക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടസപ്പെടുത്തിയതാണ് പശ്ചിമേഷ്യ യുദ്ധസാഹചര്യങ്ങളിലേക്കു നീങ്ങാൻ കാരണം.
ഹോർമുസിലെ ഗതാഗത തടസം പിൻവലിച്ചില്ലെങ്കിൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം വ്യാപിപ്പിച്ചത്. അമേരിക്കൻ സൈന്യം ഇറാൻ തുറമുഖങ്ങൾക്കെതിരേ നാവിക ഉപരോധവും പുനരാരംഭിച്ചെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കൻ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും അമേരിക്കയുടെ സഖ്യരാജ്യങ്ങൾക്കുംനേരേ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അമേരിക്കൻ ആക്രമണങ്ങളിൽ ഇറാനിൽ ഇതിനോടകം മുപ്പത്തിയഞ്ചിലധികം പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അധികൃതർ വ്യക്തമാക്കി
