പരവൂർ: രാജ്യത്ത് ജനപ്രീതി നേടിയ യുപിഐ പണമിടപാടുകളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചാർജ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്.
വൻകിട വ്യാപാരികളിൽ നിന്ന് മാത്രം ഫീസ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിട വ്യാപാരികളിൽ നിന്ന് പൂർണമായും ഒഴിവാക്കി നൽകിയിരുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
വാർഷിക വിറ്റുവരവ് ഒരു കോടി മുതൽ ഒന്നര കോടി രൂപയിൽ അധികമുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഈ പുതിയ നിരക്ക് ബാധകമാകുകയുള്ളൂ. കൂടാതെ 2,000 രൂപയിൽ അധികമുള്ള വലിയ യുപിഐ ഇടപാടുകൾക്ക് മാത്രമേ ഇത്തരത്തിൽ ഫീസ് ഈടാക്കുകയുള്ളൂവെന്നും സൂചനയുണ്ട്.
തുടക്കത്തിൽ ഫീസ് ഒഴിവാക്കിയതിനെത്തുടർന്ന് രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് കോടി മാത്രമായിരുന്ന യുപിഐ ഇടപാടുകൾ നിലവിൽ 24,200 കോടിയായി ഉയർന്നിട്ടുണ്ട്.
ഇടപാടുകളുടെ ആകെ മൂല്യം വെറും 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 314 ലക്ഷം കോടി രൂപയായാണ് കുതിച്ചുയർന്നത്. തൊട്ടടുത്ത ജൂൺ മാസത്തിൽ മാത്രം 28.92 ലക്ഷം കോടി രൂപയുടെ 2,272 കോടി ഇടപാടുകളാണ് രാജ്യത്ത് യുപിഐ വഴി നടന്നിട്ടുള്ളത്.
സാധാരണക്കാർക്ക് ബാധ്യതയാകില്ല;ബാങ്കുകളുടെ പ്രതിസന്ധി ഒഴിവാക്കാൻ നടപടി
ഇടപാടുകളുടെ എണ്ണം ഇത്തരത്തിൽ കുതിച്ചുയർന്നതോടെ ഈ സംവിധാനം കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കും വിവിധ പേയ്മെന്റ് കമ്പനികൾക്കും കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്.സുരക്ഷിതമായ പണം കൈമാറ്റ പ്രക്രിയ ഉറപ്പാക്കുന്നതിനും പേയ്മെന്റ് സംവിധാനങ്ങൾ മികച്ച രീതിയിൽ നിലനിർത്തുന്നതിനുമുള്ള ചെലവുകൾക്കായി കേന്ദ്ര സർക്കാർ നിലവിൽ സബ്സിഡികൾ നൽകുന്നുണ്ടെങ്കിലും, അത് ആവശ്യമായതിലും വളരെ കുറവാണെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തിലാണ് എംഡിആർ നിരക്കുകൾ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നത്. യുപിഐ ഇടപാടുകളിൽ ഘട്ടംഘട്ടമായി ചാർജ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് സമിതിയും മുൻപ് ശുപാർശ ചെയ്തിരുന്നു.
പുതിയ പരിഷ്കാരം നടപ്പിലായാലും സാധാരണ ഉപഭോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും ഇത് ഒരു തരത്തിലും ബാധിക്കില്ല. വൻകിട വ്യാപാരികൾക്കുള്ള എംഡിആർ നിരക്ക് 0.05 ശതമാനം മുതൽ 0.07 ശതമാനം വരെയായി നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികളിൽ 90 ശതമാനവും ചെറുകിടക്കാരായതിനാൽ അവർക്ക് ഈ പുതിയ മാറ്റത്തിൽ നിന്ന് പൂർണമായ ഇളവ് ലഭിക്കും.
ഇക്കാര്യത്തിൽ അന്തിമമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
