അവിശ്വാസം പാസായി; പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുറത്തേക്ക്; അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: പാലാ നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ 17 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോണ്‍ഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നേതൃത്വം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്‍റെ കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വൈസ് ചെയര്‍പേഴ്‌സനായ മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നിവരും കേരള കോണ്‍ഗ്രസ്, കെഡിപി പാര്‍ട്ടികളിലെ നാലു കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹാജരായില്ല. മായാ രാഹുലിനെ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ തിരിച്ചെടുത്തെങ്കിലും സ്വതന്ത്രയായി വിജയിച്ച ഇവര്‍ക്ക് വിപ്പ് ബാധകമല്ല. മായാ രാഹുലിനു വിപ്പ് നല്കിയിട്ടുമില്ല.

അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹാജരായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നതു ഡിസിസി പ്രസിഡന്‍റും മണ്ഡലം പ്രസിഡന്‍റും നല്കിയ വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നാണ്. അതേസമയം ഇവരുടെ വീടുകളില്‍ വിപ്പ് പതിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

വിപ്പ് ലംഘിച്ച അംഗങ്ങള്‍ അയോഗ്യരാകും. ഇവര്‍ക്കു കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുകയും ചെയ്യും.

26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് ആറ്, കേരള കോണ്‍ഗ്രസ് -മൂന്ന്, സ്വതന്ത്ര മുന്നണി -മൂന്ന്, കെഡിപി- ഒന്ന്, സ്വതന്ത്ര- ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്.

മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിച്ചത്. ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനമേല്‍ക്കുകയായിരുന്നു.

സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളിലേക്കു നയിച്ചത്. ഇരുകൂട്ടരും തമ്മില്‍ രണ്ടു പോലീസ് കേസുകളുണ്ട്. ആദ്യ പോലീസ് കേസിനും കാരണമായത് കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയമാണ്.

ഇതു സംബന്ധിച്ച് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും സഹോദരന്‍ ബിജു പുളിക്കക്കണ്ടവും ബിജു മാത്യൂസിനെ ഭീഷണിപ്പെടുത്തിയതായും മര്‍ദിക്കാന്‍ ശ്രമിച്ചതായും കാണിച്ച് ബിജു പോലീസില്‍ പരാതി നല്‍കി.

പിന്നീട് ചെയര്‍പേഴ്‌സന്റെ ചേംബറില്‍നിന്നും ഫയല്‍ മോഷണം പോയി എന്നു കാണിച്ച് ബിജു മാത്യൂസിനെതിരേ ചെയര്‍പേഴ്‌സനും നഗരസഭാ സെക്രട്ടറിയും പോലീസില്‍ പരാതി നല്‍കി. വിഷയം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടെങ്കിലും പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു.

Related posts

Leave a Comment