പരവൂർ: ടിക്കറ്റ് പരിശോധന കൂടുതൽ സുതാര്യമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുമായി ബോഡി ക് കാമറകളുമായി ടിക്കറ്റ് പരിശോധനാ ജീവനക്കാർ എത്തുന്നു. നോർത്ത് സെൻട്രൽ റെയിൽവേയാണ് പ്രയാഗ്രാജ്-ന്യൂഡൽഹി റൂട്ടിലെ പ്രധാന ട്രെയിനുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഈ പുതിയ പരിഷ്കാരം വിന്യസിക്കുന്നത്.
ഡ്യൂട്ടിക്കിടെ പരിശോധകരുടെയും യാത്രക്കാരുടെയും ഇടപെടലുകൾ പൂർണമായും ഓഡിയോ-വീഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്യപ്പെടും. പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രം ശക്തി എക്സ്പ്രസ് എന്നീ പ്രമുഖ ട്രെയിനുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. എച്ച്ഡി വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, നൈറ്റ് വിഷൻ, ദീർഘനേരം നിൽക്കുന്ന ബാറ്ററി, റെക്കോർഡിംഗുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കാത്ത അത്യാധുനിക സാങ്കേതികവിദ്യ എന്നിവയടങ്ങിയ 30 കാമറകൾ നിലവിൽ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ നരേഷ് പാൽ സിംഗിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ഉണ്ടാകുന്ന തർക്കങ്ങൾ, മോശം പെരുമാറ്റങ്ങൾ, വ്യാജ പരാതികൾ എന്നിവ ഒഴിവാക്കാൻ ഈ കാമറ ദൃശ്യങ്ങൾ നിഷ്പക്ഷമായ തെളിവായി ഉപയോഗിക്കാൻ സാധിക്കുമെന്ന് എൻസിആർ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശിവം ശർമ വ്യക്തമാക്കി.
റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ പരിശോധിച്ച് അനാവശ്യ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും ആർപിഎഫിനും മറ്റ് അന്വേഷണ ഏജൻസികൾക്കും സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ തെളിവുകൾ കൈമാറാനും ഇതിലൂടെ സാധിക്കും.
ജീവനക്കാരുടെ സേവന നിലവാരവും പെരുമാറ്റവും വിലയിരുത്തുന്നതിനും ഈ സംവിധാനം സഹായിക്കും. പ്രയാഗ്രാജ് ഡിവിഷനിൽ ആരംഭിച്ച ഈ പൈലറ്റ് പദ്ധതി വിജയം കാണുന്ന മുറയ്ക്ക് നോർത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിലുള്ള മറ്റ് പ്രധാന ട്രെയിനുകളിലേക്കും തുടർന്ന് ഘട്ടം ഘട്ടമായി രാജ്യത്തേ എല്ലാ സോണുകളിലേക്കും ബോഡി കാമറ സംവിധാനം വ്യാപിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.
എസ്. ആർ. സുധീർ കുമാർ
