കോഴിക്കോട്: സിജെപി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ജാൻമണി ദാസിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം സംഭവം വിവാദമായതോടെ ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
