ഇൻഡീഡ് ആപ്പ് വഴി അപേക്ഷിച്ച ജോലിക്ക് കൃത്യമായി എത്ര തുക കൈയിൽ കിട്ടുമെന്ന് ചോദിച്ച ഉദ്യോഗാർഥിയുടെ
അപേക്ഷ കമ്പനി അഭിമുഖത്തിന് മുൻപേ നിരസിച്ചു. വാർഷിക ശമ്പളമായി 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കമ്പനിയോട് ഇൻ-ഹാൻഡ് സാലറി എത്രയാണെന്ന് ചോദിച്ചതാണ് റെക്രൂട്ടറെ ചൊടിപ്പിച്ചത്. ശമ്പളം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ കമ്പനി നിങ്ങൾക്ക് അനുയോജ്യമല്ലെന്ന മറുപടിയോടെയാണ് ഹ്യൂമൻ റിസോഴ്സ് ടീം ഇയാളെ നിരസിച്ചത്.
തനിക്കുണ്ടായ അനുഭവം ഉദ്യോഗാർഥി സ്ക്രീൻഷോട്ട് സഹിതം റെഡ്ഡിറ്റിൽ പങ്കുവെക്കുകയായിരുന്നു. കൈയിൽ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് വിവരങ്ങൾ തേടുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് നിരാശയോടെ ഇയാൾ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. തൊഴിൽ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ കാലഘട്ടത്തിൽ അഭിമുഖത്തിൽ പോലും പങ്കെടുക്കാൻ അവസരം നൽകാതെ പുറത്താക്കിയത് തന്നെ ഏറെ വിഷമിപ്പിച്ചതായും ഇയാൾ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ പോസ്റ്റ് തൊഴിലന്വേഷകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പിടുക്കുകളും മറ്റും കഴിഞ്ഞ് പ്രതിമാസം ലഭിക്കുന്ന യഥാർഥ തുക എത്രയെന്ന് അറിയുന്നത് ഉദ്യോഗാർത്ഥികളുടെ അവകാശമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പ്രതിവർഷം രണ്ട് ലക്ഷം രൂപ ശമ്പളമെന്നാൽ പ്രതിമാസം ഏകദേശം 16,700 രൂപ മാത്രമാണെന്നും ഇതിൽ നിന്നും തുക പിടിച്ചാൽ ജീവിക്കാൻ തികയില്ലെന്നും പലരും ചൂണ്ടിക്കാട്ടി.
ശമ്പളത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിക്കുന്ന ഇത്തരം കമ്പനികളിൽ ജോലി കിട്ടാത്തതാണ് നല്ലതെന്ന് മറ്റ് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുന്ന തരത്തിലുള്ള തൊഴിൽ സംസ്കാരമായിരിക്കും ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടാവുകയെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ശമ്പള കാര്യത്തിൽ കൃത്യമായ സുതാര്യത പുലർത്തുകയാണ് കമ്പനികൾ ചെയ്യേണ്ടതെന്നും ഇവർ വ്യക്തമാക്കുന്നു.
കമ്പനിയുടെ നിലപാടിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. ന്യായമായ ഒരു സംശയം ഉന്നയിച്ചതിന്റെ പേരിൽ മാത്രം അവസരം നിഷേധിച്ചത് തികച്ചും അനീതിയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. നിലവാരമില്ലാത്ത തൊഴിൽ അന്തരീക്ഷമുള്ള സ്ഥാപനത്തിൽ നിന്നും രക്ഷപ്പെട്ടതിൽ ഉദ്യോഗാർഥി സന്തോഷിക്കുകയാണ് വേണ്ടതെന്നും നിരവധി പേർ കമന്റ് ചെയ്തു.

