സൂര്യ നസ്രിയ എന്നിവരൊന്നിക്കുന്ന ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സീൻ. നസ്ലിനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. സീനിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടയിൽ നിന്നുള്ള രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രധാന താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് അവരുടെ സിനിമാജീവിതം കോർത്തിണക്കിയുള്ള ഒരു പ്രിവ്യൂ വീഡിയോ പ്രദർശിപ്പിച്ചിരുന്നു.
നസ്രിയയുടെ കരിയറിലെ മികച്ച സിനിമകൾ പരിചയപ്പെടുത്തുന്നതിനിടെ സ്ക്രീനിൽ വന്ന ഒരു പരാമർശമാണ് വേദിയിൽ ചിരി പടർത്തിയത്. നസ്രിയ അഭിനയിച്ച സിനിമകളുടെ പേരുകൾ പറയുന്നതിനിടയിൽ സൂക്ഷ്മ ദർശിനി എന്ന സിനിമയ്ക്ക് പകരം ‘സൂക്ഷട മട രാശിനി’ എന്ന് വീഡിയോയിൽ പരാമർശിച്ചു.
ഇത് ഏത് സിനിമയാണെന്ന് മനസിലാകാതെ അടുത്തുണ്ടായിരുന്ന നസ്ലിൻ തിരിഞ്ഞ് നസ്രിയയോട് ചോദിക്കുന്നതും, സംവിധായകൻ ജിത്തു മാധവനും ഇരുവരും ചേർന്ന് പൊട്ടിച്ചിരിക്കുന്നതുമായ വീഡിയോ ആണ് വൈറലാകുന്നത്.
