കേവലം 10,000 രൂപ ബജറ്റിൽ ഇന്ത്യ മുഴുവൻ ചുറ്റിക്കാണുക എന്ന വ്യത്യസ്തമായൊരു ചലഞ്ചുമായി ഒരു യുവതി രംഗത്ത്. തന്റെ യാത്രയുടെ ഓരോ ഘട്ടങ്ങളും ‘flyyingxfishh’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് യുവതി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇതിനകം തന്നെ 6 സംസ്ഥാനങ്ങൾ സന്ദർശിച്ചെന്നും അതിനായി വെറും 2,000 രൂപ മാത്രമാണ് ചെലവായതെന്നും യുവതി അവകാശപ്പെടുന്നു.
“ഒരു സാധാരണ യാത്രികൻ ഒരു സ്ഥലം മാത്രം കാണാൻ മാറ്റിവെക്കുന്ന 10,000 രൂപ കൊണ്ടാണ് ഞാൻ ഇന്ത്യ മുഴുവൻ ചുറ്റാൻ പദ്ധതിയിടുന്നത്. കേൾക്കുമ്പോൾ ഇതൊരു തമാശയായി തോന്നാം. എന്നാൽ ഇതൊരു തമാശയല്ല, ഞാൻ എനിക്ക് തന്നെ നൽകിയ ഒരു വലിയ വെല്ലുവിളിയാണ്. കൈയ്യിലെ പണം തീരുന്നതോടെ ഈ ചലഞ്ച് അവസാനിക്കും.”
സൗജന്യ ഭക്ഷണത്തിനായി ആളുകളോട് അഭ്യർത്ഥിക്കുന്നതും, റെയിൽവേ സ്റ്റേഷനുകളിൽ സമയം ചെലവഴിക്കുന്നതും, ട്രെയിൻ വൈകുന്നതും അടക്കമുള്ള യാത്രാനുഭവങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത്.
യുവതിയുടെ ഈ സാഹസിക ശ്രമത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ, കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിനേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഭൂരിഭാഗം പേരും ഓർമ്മിപ്പിച്ചു. തനിയെ യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും, ഇത്രയും ചെറിയ തുക കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
