വിവാഹം കഴിഞ്ഞ് എട്ടു മാസങ്ങൾക്ക് ശേഷം ഭർത്തൃവീട്ടുകാരുടെ മാനസിക പീഡനം താങ്ങാനാവാതെ ഡെഹ്റാഡൂണിൽ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയ്ക്കായി ചിത്രീകരിച്ച വൈകാരികമായ വീഡിയോ സന്ദേശത്തിൽ താൻ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് സൃഷ്ടി കന്ധാരി എന്ന യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൗരഭ് രതൂരി, അമ്മായിയമ്മ, ഭർത്താവിന്റെ സഹോദരി എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭർത്തൃപിതാവിന്റെ ഹൃദയാഘാതത്തിനും മരണത്തിനും കാരണം സൃഷ്ടിയുടെ അപാകതയാണെന്ന് ആരോപിച്ച് ജ്യോത്സ്യന്റെ വാക്ക് കേട്ട് ഇവർ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പരാതിപ്പെട്ടു. “അമ്മേ എന്നോട് ക്ഷമിക്കണം, ഇനി ഇതെല്ലാം സഹിക്കാൻ എനിക്ക് കഴിയില്ല, അവരുടെ ചിന്താഗതി ഒരിക്കലും മാറില്ല” എന്ന് കരഞ്ഞുകൊണ്ട് സൃഷ്ടി വീഡിയോയിൽ പറയുന്നുണ്ട്. കുടുംബാംഗങ്ങളുടെ പരാതിയിൽ സ്ത്രീധന പീഡന മരണത്തിന് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത് ഡൊയ്വാല പോലീസ് അന്വേഷണം ആരംഭിച്ചു.
ജൂലൈ 28, 29 തീയതികളിൽ സൃഷ്ടിയെ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിയുന്നത്. എന്നാൽ കുടുംബാംഗങ്ങൾ എത്തുമ്പോഴേക്കും സൃഷ്ടി മരണപ്പെട്ടിരുന്നു. മരിച്ച വിവരവും ഭർത്താവിന്റെ വീട്ടുകാർ മറച്ചുവെച്ചതായി ആരോപണമുണ്ട്. നിലവിൽ സൃഷ്ടി ചിത്രീകരിച്ച വീഡിയോ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
